മനാമ: നാല് പതിറ്റാണ്ടിലേറെ ബഹ്റൈനിൽ സ്നേഹത്തിന്റെ സുഗന്ധം പരത്തിയ ദീർകാലത്തെ ബഹ്റൈൻ ജീവിതത്തിലൂടെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഒട്ടേറെപ്പേരുമായി ആത്മബന്ധം സ്ഥാപിച്ചാണ് ഇദ്ദേഹം മടങ്ങുന്നത്.
കോഴിക്കോട് വടകര സ്വദേശിയായ രവീന്ദ്ര ബാബു 1979ലാണ് ആദ്യമായി ഇവിടെ എത്തിയത്. തുടക്കത്തിൽ വിവിധ ജോലികൾ ചെയ്ത ഇദ്ദേഹം പിന്നീട് ഒരു അറബിയുടെ പെർഫ്യൂം കടയിൽ ജോലി ചെയ്തു. തുടർന്ന് സ്വന്തമായി കടകൾ തുറക്കുകയായിരുന്നു. അൽ ദാഹിയ, അൽ അബ്രാർ എന്നീ പേരുകളിൽ അഞ്ച് പെർഫ്യൂം കടകളുണ്ടായിരുന്നു കുറെക്കാലം. അടുത്തകാലത്ത് രണ്ടെണ്ണം ഒഴിവാക്കി. മുഹറഖ് സൂഖ് അൽ ഗസറിയയിലെ പെർഫ്യൂം കടയാണ് ഇദ്ദേഹം ആദ്യം തുറന്നത്. അന്ന് കടയുടെ മുന്നിലൂടെ സ്കൂളിൽ പോയിരുന്ന കുട്ടികൾ ഇന്ന് മുതിർന്നവരായെങ്കിലും ഇപ്പോഴും ഇദ്ദേഹത്തെ കാണുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കും. ആദ്യകാലത്ത് സ്ത്രീകൾ മാത്രമാണ് കടയിലേക്ക് വന്നിരുന്നത്. അതിനാൽ, സൂഖിൽ പ്രത്യേക സുരക്ഷ ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് ഇദ്ദേഹം ഓർമിക്കുന്നു. ശൈഖ് ഹമദ് റോഡിലും കസീനോയിലുമാണ് മറ്റ് കടകളുണ്ടായിരുന്നത്. തനിക്ക് നല്ലൊരു ജീവിതം തന്ന ബഹ്റൈനെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് രവീന്ദ്ര ബാബു പറഞ്ഞു. ആദ്യ കടയോടുള്ള സ്നേഹം നിമിത്തം കുറ്റ്യാടിയിൽ നിർമിച്ച മൂന്നു നില ഷോപ്പിങ് കോംപ്ലക്സിന് അൽ ദാഹിയ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഭാര്യ രജിതയും ഇദ്ദേഹത്തോടൊപ്പം ബഹ്റൈനിലുണ്ട്. മക്കളായ ഫെബിനയും ഫെബിനും ആസ്ട്രേലിയയിലാണ്. നവംബർ അഞ്ചിന് ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.