മനാമ: ജന്മനാടിന് സ്വാതന്ത്ര്യം നേടിത്തന്നവരെ സ്മരിക്കാനും കുട്ടികളിൽ സ്വാതന്ത്ര്യ ചിന്തകളും ദേശസ്നേഹവും വളർത്താനും ലക്ഷ്യമിട്ടുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർഥികൾ വിവിധ പരിപാടികളുമായി 78ാം സ്വാതന്ത്ര്യദിനം കൊണ്ടാടി.
നൂറോളം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. ചിത്രരചനയിൽ തിരംഗയും, സാമുദായിക ഐക്യവും, അതിരുകാക്കുന്ന പട്ടാളക്കാരും, വയനാട് ദുരന്തവും രക്ഷാപ്രവർത്തനവുമെല്ലാം കുട്ടികൾ വിഷയമാക്കി. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരുടെയും സ്വാതന്ത്ര്യം കിട്ടാനുള്ള സമര പോരാട്ട വീര്യങ്ങളെയും പ്രസംഗത്തിലൂടെ വിദ്യാർഥികൾ ഓർമിച്ചെടുത്തു.
ദേശഭക്തി നിറഞ്ഞൊഴുകുന്ന വിവിധ ഭാഷകളിലുള്ള കവിതകൾ, ചരിത്രം അയവിറക്കുന്ന ക്വിസ് ചോദ്യങ്ങൾ എന്നിവയും പരിപാടിയുടെ മാറ്റുകൂട്ടി. സലിം പാടൂർ, ഫക്രുദ്ദീൻ, നഫ്സിൻ, ഹംസ അമേത്ത്, നസീർ പി.കെ. അബ്ദുൽ ഗഫൂർ, അബ്ദുൽ സലാം, ദിൽഷാദ്, സാദിഖ് ബിൻ യഹ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കളും ഭാരവാഹികളും ചേർന്ന് പരിപാടികളിലോരോന്നിലെയും വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ലത്തീഫ് ചാലിയം, സമീർ ഫാറൂഖി, ഷബീർ എന്നിവർ മത്സര പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.