മനാമ: നവംബറിൽ നടക്കുന്ന ബഹ്റൈൻ ഇന്റർനാഷനൽ എയർഷോയിൽ ബ്രിട്ടനിൽനിന്നുള്ള വിഖ്യാത ഏറോബാറ്റിക് ടീമായ റെഡ് ആരോസും പങ്കെടുക്കും. ഗതാഗത, ടെലി കമ്യൂണിക്കേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എയർഷോയുടെ 10 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് റോയൽ എയർഫോഴ്സ് ടീമായ റെഡ് ആരോസ് പങ്കെടുക്കുന്നത്.
യു.കെയിലെ ഫെയർഫോർഡിൽ റോയൽ എയർഫോഴ്സ് സ്റ്റേഷനിൽ നടന്ന 'റോയൽ ഇന്റർനാഷനൽ എയർ ടാറ്റൂ' എന്ന മിലിട്ടറി എയർഷോയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. എയർഷോയിൽ പങ്കെടുക്കാനെത്തിയ ഗതാഗത, ടെലി കമ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ തമർ അൽകാബി, മിഡിലീസ്റ്റിനുവേണ്ടിയുള്ള യു.കെയുടെ സീനിയർ പ്രതിരോധ ഉപദേഷ്ടാവ് എയർ മാർഷൽ സാമ്മി സാംസണുമായി കൂടിക്കാഴ്ച നടത്തി.
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ ഒമ്പത് മുതൽ 11വരെ സഖീർ എയർബേസിലാണ് വിസ്മയപ്രകടനമൊരുക്കുന്നത്. ബ്രിട്ടനിലെ തിരക്കിട്ട സീസൺ അവസാനിച്ചാൽ ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ എന്നിവയുൾപ്പെടുന്ന ഗൾഫ് പര്യടനത്തിന് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് റെഡ് ആരോസ്. ഇതിന്റെ ഭാഗമായാണ് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോയിലും വിവിധ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കാനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.