മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഇന്ത്യൻ ക്ലബ് നടത്തിവരുന്ന ‘മേയ് ക്വീൻ’ 2025ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മേയ് രണ്ടിന് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന മേയ് ക്വീൻ 2025 പരിപാടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ ക്ലബ് വർഷംതോറും സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമാണ് മേയ് ക്വീൻ. രജിസ്ട്രേഷൻ ക്ലബിൽ ആരംഭിച്ചുവെന്നും ബഹ്റൈനിൽ താമസിക്കുന്ന, 17 മുതൽ 27 വരെ പ്രായമുള്ള വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു. മുൻ വർഷങ്ങളിൽ ബഹ്റൈൻ, ഇന്ത്യ, ശ്രീലങ്ക, നെതർലൻഡ്സ്, റഷ്യ, ഫിലിപ്പൈൻസ്, ഫ്രാൻസ്, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർ മേയ് ക്വീൻ മത്സരങ്ങളിൽ പങ്കെടുക്കുകയും ഇവരിൽ പലരും വിജയികളായിട്ടുമുണ്ട്.
മത്സരത്തിൽ ടൈറ്റിൽ വിന്നർ കൂടാതെ ഫസ്റ്റ് റണ്ണർ അപ്, സെക്കൻഡ് റണ്ണർ അപ്, ബെസ്റ്റ് സ്മൈൽ, ബെസ്റ്റ് ഹെയർഡോ, ബെസ്റ്റ് വാക്ക്, ഓഡിയൻസ് ചോയ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
വിജയികൾക്ക് കാഷ് പ്രൈസും കൂടാതെ ആഭരണങ്ങൾ, ഗിഫ്റ്റ് ഹാമ്പേഴ്സ് തുടങ്ങിയവയടക്കമുള്ളവ സമ്മാനമായി നൽകും. കാഷ്വൽ വെയർ, എത്നിക് വെയർ, പാർട്ടി വെയർ എന്നിങ്ങനെ മൂന്നു റൗണ്ടുകളിൽ ആയിരിക്കും പ്രധാനമായും മത്സരം നടക്കുക. മത്സരത്തിലേക്കുള്ള രജിസ്ട്രേഷൻ ഫീസ് 10 ദിനാറാണ്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 10 ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കേഷ്യസ് പെരേര (39660475), ആക്ടിങ് ജനറൽ സെക്രട്ടറി ഗോപകുമാർ (39279570), എന്റർടെയ്ൻമെന്റ് സെക്രട്ടറി നന്ദകുമാർ (36433552), അസി. എന്റർടെയ്ൻമെന്റ് സെക്രട്ടറി റൈസൻ വർഗീസ് (39952725), ഇവന്റ് ചീഫ് കോഓഡിനേറ്റർ താമരൈകണ്ണൻ (39374381), കോഓഡിനേറ്റർ ജോസ്മി (33714099) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.