മനാമ: മത സഹിഷ്ണുതയും സഹവർത്തിത്വത്തിലൂന്നിയുള്ള സ്നേഹവുമാണ് ബഹ്റൈന്റെ പ്രത്യേകതയെന്ന് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. നിയർ ഈസ്റ്റ് മീഡിയ ഫൗണ്ടേഷൻ സ്ഥാപകൻ ജോയൽ റോസൻബർഗിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ സംഘത്തെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്ത മന്ത്രി വിവിധ കാഴ്ച്ചപ്പാടുകളും ആശയങ്ങളും പരസ്പരം കൈമാറാൻ ഇത്തരം കൂടിക്കാഴ്ചകൾ വഴിയൊരുക്കുമെന്ന് വ്യക്തമാക്കി. ഹമദ് രാജാവിന്റെ പരിഷ്കരണ പദ്ധതി എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾക്ക് വഴിവെച്ചതായി സംഘം വിലയിരുത്തി. മറ്റുള്ളവരെ ഉൾക്കൊള്ളാനും സഹവർത്തിത്വത്തോടെ മുന്നോട്ടു പോകാനും കഴിയുന്ന ജനതയാണ് ബഹ്റൈൻ. മത സൗഹാർദവും എല്ലാ വിഭാഗങ്ങളോടും തുറന്ന സമീപനവും നിലനിർത്തുന്നതിൽ രാജ്യത്തിന് വിജയിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. മേഖലയിൽ സമാധാനം കൈവരിക്കുന്നതിന് 2020 ലുണ്ടാക്കിയ അബ്രഹാം കരാർ സുപ്രധാന നീക്കമായിരുന്നുവെന്ന് സംഘം വിലയിരുത്തി. വിവിധ സംസ്കാരങ്ങളെ ഉൾക്കൊള്ളാനും സമാധാനം മുറുകെ പിടിച്ച് ജീവിക്കാനും ബഹ്റൈന് സാധ്യമായെന്നും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.