മനാമ: സോഷ്യൽ വെൽഫെയർ അസോസിയേഷൻ കദളി കൺകദളി എന്ന പേരിൽ ലത മങ്കേഷ്കർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ലത മങ്കേഷ്കർ ജീവിതവും സംഗീതവും എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു. പ്രായം തളര്‍ത്താത്ത മധുരശബ്ദത്തിനുടമയും ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസവുമായിരുന്നു ലത മങ്കേഷ്കർ . ലോകത്തിലെ എല്ലാ മനസ്സുകളെയും ഒരുപോലെ അടുപ്പിക്കുന്ന ഒരേയൊരു വികാരം സംഗീതമാണ്. ജീവിതം സംഗീതത്തിന് സമര്‍പ്പിച്ച അതുല്യ പ്രതിഭയാണ് ലത മങ്കേഷ്കർ. നാൽപതുകളിൽ സിനിമയിലേക്ക് കടന്നു വന്ന അവർക്ക് ഉച്ചാരണശുദ്ധിയോടെ മാത്രമെ പാടാവൂ എന്ന കാര്യത്തിൽ നിർബന്ധമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പൂർണതക്കു വേണ്ടിയുള്ള ദൃഢ നിശ്ചയം അതാണ് ലത മാജിക് എന്ന് അധ്യക്ഷ പ്രഭാഷണം നടത്തിയ സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയവരിൽ ഉൾപ്പെടുന്ന ഭാരത രത്നത്തിന്റെ വേർപാടിൽ രാജ്യം ദുഃഖിച്ചു നിൽക്കുന്ന സമയത്ത് പോലും വെറുപ്പ് ഉൽപാദിക്കുന്നവരെ നാം കരുതി ഇരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
ലത മങ്കേഷ്ക്കറുടെ നിര്യാണത്തോടെ ഒരു സംഗീത സപര്യയാണ് അവസാനിക്കുന്നത് എന്ന് തുടർന്ന് സംസാരിച്ച ഗായകനും റേഡിയോ ജോക്കിയുമായ അജിത് കുമാർ പറഞ്ഞു. ബോളിവുഡിലെ പുരുഷാധിപത്യത്തെ തകർത്ത് രാജ്യന്തര തലത്തിൽ ജനങ്ങളെ സംഗീതത്തിലൂടെ കൂട്ടിച്ചേർക്കാൻ ലതാജിക്ക് കഴിഞ്ഞു എന്ന് ജമാൽ ഇരിങ്ങൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ശ്രോതാക്കളോട് ആത്മാർഥതയും ഉത്തരവാദിത്ത ബോധവുമുള്ള ഗായികയായിരുന്നു ലത മങ്കേഷ്കർ എന്ന് തുടർന്ന് സംസാരിച്ച ഫിറോസ് തിരുവത്ര പറഞ്ഞു. അതിർത്തികൾക്കപ്പുറം മനുഷ്യൻ എന്ന വികാരത്തെ ഒന്നിപ്പിക്കുന്നതാണ് ലത മങ്കേഷ്കറുടെ നാദസ്വരം എന്ന് അനീഷ് നിർമൽ ചൂണ്ടിക്കാട്ടി. സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഷിജിന ആഷിക്, സുധി പുത്തൻവേലിക്കര, ജമീല അബ്ദുറഹ്മാൻ, സുനിൽ ബാബു, ഉമ്മു അമ്മാർ തുടങ്ങിയവരും അനുശോചനം അറിയിച്ച് സംസാരിച്ചു.
സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ഗഫൂർ മൂക്കുതല നന്ദിയും പറഞ്ഞു. കെ. ഇർഷാദ് നിയന്ത്രിച്ച അനുസ്മരണ യോഗത്തിൽ അജിത് കുമാർ, മരിയ ജോൺസൺ, അനാൻ ഹജീദ്, ഷഹനാസ്, ഫസലു റഹ്മാൻ എന്നിവർ അനുസ്മരണ ഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.