മനാമ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ അംബാസഡർ വിനോദ് കെ. ജേക്കബ് പതാക ഉയർത്തി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ നിന്നുള്ള ഭാഗങ്ങൾ അംബാസഡർ വായിച്ചു. നൂറുകണക്കിന് ഇന്ത്യക്കാർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ബാൻഡ് ദേശീയ ഗാനം ആലപിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മനാമയിലെ ദി ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യാ ഗവൺമെന്റിനും ജനങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ ഉഭയകക്ഷി ബന്ധം അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ കൗൺസിലുകളുടെയും അതോറിറ്റികളുടെയും തലവന്മാരും മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യൻ, ബഹ്റൈൻ കമ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു. സാംസ്കാരിക പൈതൃകപ്പട്ടികയിൽ യുനെസ്കോ ഗാർബയെ ഉൾപ്പെടുത്തിയതിന്റെ അടയാളമായി ഗാർബ നൃത്തപ്രകടനം നടന്നു. ഇന്ത്യയുടെയും ബഹ്റൈനിന്റെയും ദേശീയഗാനങ്ങൾ ആലപിച്ചു. പ്രതിരോധ സാങ്കേതികവിദ്യയിലെ രാജ്യത്തിന്റെ പുതിയ നേട്ടങ്ങളും കണ്ടുപിടിത്തങ്ങളും പ്രദർശിപ്പിച്ചിരുന്നു. ഉത്തർപ്രദേശിലെ കനൗജിൽനിന്നുള്ള വ്യതിരിക്തമായ അത്തർ ഇനങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.