മനാമ: മനാമ മീറ്റ് മാർക്കറ്റിൽ ആട്ടിറച്ചിയുടെ വില വർധനയെത്തുടർന്നുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ന്യായമായ വിലക്ക് ആട്ടിറച്ചി എത്തിച്ചുനൽകാൻ മലയാളിയായ മറ്റൊരു മൊത്ത വ്യാപാരി സന്നദ്ധനായി.
റമദാൻ തുടങ്ങിയതോടെ മാർക്കറ്റിൽ മാംസം എത്തിച്ചുനൽകുന്ന രണ്ട് മൊത്തക്കച്ചവടക്കാർ വില അന്യായമായി വർധിപ്പിച്ചത് വ്യാപാരികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരികൾ മാംസം വാങ്ങുന്നത് ബഹിഷ്കരിക്കുകയും ചെയ്തു. റമദാൻ തുടങ്ങുന്നതിനുമുമ്പ് ഒരു കിലോ ആട്ടിറച്ചിക്ക് 2.200 ദിനാറായിരുന്നത് കഴിഞ്ഞ ദിവസം 2.850 ദിനാർ വരെ ഉയർന്നിരുന്നു. വില വർധനയെത്തുടർന്ന് ആളുകൾ മാംസം വാങ്ങാൻ മടിച്ചതോടെ വ്യാപാരികൾക്ക് വൈകുന്നേരം വരെ ഇരുന്നാലും വിറ്റുതീർക്കാൻ കഴിയാതെ വന്നു.
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്കർ പൂഴിത്തല മുൻകൈയെടുത്ത് കഴിഞ്ഞ ദിവസം മട്ടൻ മാർക്കറ്റിലെ വ്യാപാരികളുടെ യോഗം ചേർന്നു. നേരത്തെ മാർക്കറ്റിൽ മാംസം എത്തിച്ചുനൽകിയിരുന്ന മലയാളിയായ മുഹമ്മദ് റാഫിയെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ന്യായവിലക്ക് മാംസം നൽകാമെന്ന് അദ്ദേഹം സമ്മതിച്ചു.
ഒരു കിലോക്ക് 2.550 ദിനാർ നിരക്കിൽ നൽകാമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. വിദേശ വിപണിയിലെ വിലയിൽ മാറ്റത്തിനനുസരിച്ച് ഇവിടെ നൽകുന്ന വിലയിലും മാറ്റമുണ്ടാകും. ശനിയാഴ്ച മുതലോ ഞായറാഴ്ച മുതലോ മാംസം നൽകിത്തുടങ്ങുമെന്ന് മുഹമ്മദ് റാഫി പറഞ്ഞു. പ്രധാനമായും കെനിയയിൽനിന്നാണ് ആട്ടിറച്ചി കൊണ്ടുവരുന്നത്. 2.550 ദിനാറിന് ലഭിക്കുന്ന ആട്ടിറച്ചി 2.800 ദിനാറിന് ചില്ലറ വിൽപന നടത്താനാണ് വ്യാപാരികൾ ധാരണയുണ്ടാക്കിയിരിക്കുന്നത്.
200ലധികം മീറ്റ് സ്റ്റാളുകളാണ് മനാമ സെൻട്രൽ മാർക്കറ്റിലുള്ളത്. ഇതിൽ ഭൂരിഭാഗവും മലയാളികളുടേതാണ്. ഒരു സ്റ്റാളിൽ മൂന്നും നാലും തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.