മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് തിങ്കളാഴ്ച മുതൽ വീണ്ടും പുതിയ ഉയരങ്ങളിൽ. തിങ്കളാഴ്ച ഒരു റിയാലിന് 203 രൂപ എന്ന നിരക്ക് വരെ എത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച ക്ലോസിങ് നിരക്കായി ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത് റിയാലിന് 202.15 രൂപ എന്ന നിരക്കാണ്. ചൊവ്വാഴ്ചയും സമാന നിരക്കു തന്നെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകുന്നത്.
ചൊവ്വാഴ്ച ഒരു റിയാലിന് 202.10 രൂപയാണ് ക്ലോസിങ് നിരക്ക്. കഴിഞ്ഞ മേയ് 15 മുതൽ റിയാലിന്റെ വിനിയ നിരക്ക് 200 രൂപ കടന്നിരുന്നു. മാർച്ച് എട്ടിന് 200 രൂപ എന്ന നിരക്കിന് തൊട്ടടുത്ത് എത്തിയിരുന്നെങ്കിലും വിനിമയ നിരക്ക് പിന്നീട് താഴുകയായിരുന്നു. മേയ് 15നുശേഷം 200 രൂപക്ക് താഴെ പോയിട്ടില്ല. ആഗോള മാർക്കറ്റിൽ അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചത്. ഇതോടെ ലോകത്തിന്റെ ഏതാണ്ട് എല്ലാ രാജ്യങ്ങളുടെയും കറൻസിക്ക് ഇടിവ് സംഭവിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലെ ഇടിവും രൂപയെ പ്രതികൂലമായി ബാധിച്ചിരുന്നു. തിങ്കളാഴ്ച ഓഹരി വിപണിയിൽ സെൻസെക്സ് 1457 പോയൻറ് ഇടിവാണുണ്ടായത്. നിരവധി കാരണങ്ങളാൽ തിങ്കളാഴ്ച ഒരു ഡോളറിന് 78.20 എന്ന നിരക്കു വരെ എത്തിയിരുന്നു. ഇൗ വർഷം ജനുവരി മുതൽ രൂപയുടെ മൂല്യത്തിൽ അഞ്ചു ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ അമേരിക്കൻ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മേയ് മാസത്തിൽ പണപ്പെരുപ്പ നിരക്ക് 8.6 ശതമാനമായി ഉയർന്നു. ഇത് 1981 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഇതു മറികടക്കാനായി പലിശ നിരക്ക് കൂട്ടുന്നതടക്കമുള്ള നിരവധി നടപടി ഫെഡറൽ റിസർവിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന പ്രതീക്ഷയാണ് ഡോളർ ശക്തി പ്രാപിക്കാൻ പ്രധാനകാരണം.
യുക്രെയ്ൻ യുദ്ധം കാരണം എണ്ണ വില ഉയരുന്നതും ചൈനയിലെ ലോക് ഡൗണുമാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം. പ്രധാന കറൻസിയായ യൂറോ കുറച്ചു കാലമായി തകർച്ച നേരിടുകയാണ്.
ജൂൺ ഒമ്പതു മുതൽ തകർച്ച ശക്തമായിട്ടുണ്ട്. തുർക്കിയുടെ ലിറ, ജപ്പാെൻറ യെൻ, സൗത്ത് ആഫ്രിക്കൻ കറൻസി എന്നിവയും ശക്തമായ തകർച്ചയാണ് നേരിടുന്നത്. ഇന്ത്യയിൽ ഒാഹരി വിപണി കുത്തനെ ഇടിയുന്നതും രൂപയുടെ മൂല്യം കുറയാൻ കാരണമായിട്ടുണ്ട്. ഇന്ത്യൻ ഒാഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ (ഫോറിൻ ഇൻസ്റ്റിറ്റ്യുഷനൽ ഇൻവെസ്റ്റേഴ്സ്) വിപണിയിൽനിന്ന് നിക്ഷേപം വൻ തോതിൽ പിൻ വലിച്ചതാണ് തകർച്ചയുടെ പ്രധാന കരണം. അഞ്ചു മാസങ്ങളിലായി 2,15,000 കോടി രൂപയാണ് ഇവർ ഇന്ത്യൻ ഒാഹരി വിപണിയിൽനിന്ന് പിൻവലിച്ചത്. ഇത് ഇന്ത്യൻ ഒാഹരി വിപണിയെ സംബന്ധിച്ചിടത്തോളം വൻ തുകയാണ്. ഇതാണ് ഒാഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.