മനാമ: നിബന്ധനകൾ പാലിക്കാതെ സന്ദർശക വിസയിൽ വന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് തിരിച്ചുപോകേണ്ടിവരുന്ന സംഭവങ്ങൾ തുടർക്കഥ. തിങ്കളാഴ്ച വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വിവിധ വിമാനങ്ങളിലെത്തിയ ഈ യാത്രക്കാർ വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഹാളിലാണ് കഴിഞ്ഞത്. യാത്രക്കാരെ കൊണ്ടുവന്ന വിമാനക്കമ്പനികളാണ് ഇവർക്കുള്ള ഭക്ഷണം നൽകിയത്. തിങ്കളാഴ്ച തിരിച്ചുപോകേണ്ടിവന്നവരിൽ നിരവധി മലയാളികളുമുണ്ട്.
ബഹ്റൈൻ അധികൃതർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ സന്ദർശക വിസയിൽ എത്തുന്നവരാണ് കുടുങ്ങുന്നത്. ജോലി അന്വേഷിക്കുക എന്ന ലക്ഷ്യത്തോടെ ഇവിടേക്ക് വരുന്നവരാണ് തിരിച്ചുപോകേണ്ടിവരുന്നവരിൽ അധികവും. ബഹ്റൈനിൽ ജോലി ലഭിക്കും എന്ന് പ്രലോഭിപ്പിച്ച് വൻതുക വാങ്ങിയാണ് പലരെയും ഏജൻറുമാർ നാട്ടിൽനിന്ന് കൊണ്ടുവരുന്നത്. ഏജൻറിന്റെ വാക്ക് വിശ്വസിച്ച് ബഹ്റൈനിലെത്തി അഞ്ചു മാസമായിട്ടും ജോലി ലഭിക്കാതെ പ്രയാസപ്പെടുന്ന 10 പേരെക്കുറിച്ച് 'ഗൾഫ് മാധ്യമം' കഴിഞ്ഞയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കൈവശം നിശ്ചിത തുക, ബാങ്ക് സ്റ്റേറ്റ്മെൻറ്, ഹോട്ടൽ ബുക്കിങ്, റിട്ടേൺ ടിക്കറ്റ് എന്നിവയാണ് ബഹ്റൈനിലേക്ക് സന്ദർശക വിസയിൽ വരുന്നവർ പ്രധാനമായും കരുതേണ്ട കാര്യങ്ങൾ. എന്നാൽ, ഒരേ രേഖയിൽതന്നെ പേരും വിലാസവും മാറ്റി പല യാത്രക്കാർക്ക് കൊടുക്കുന്ന ട്രാവൽ ഏജൻറുമാരും ഉണ്ടെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു. അതായത്, ഒരു ബാങ്ക് സ്റ്റേറ്റ്മെൻറുതന്നെയായിരിക്കും പേരും വിലാസവും മാറ്റി മറ്റുള്ളവർക്കും നൽകുന്നത്. ഏജൻറുമാരുടെ ഈ നടപടിക്ക് ഇരയാകേണ്ടിവരുന്നത് പാവം യാത്രക്കാരാണ്. ചിലരുടെ ബാങ്ക് സ്റ്റേറ്റ്മെൻറിൽ ഒരു ലക്ഷവും രണ്ടു ലക്ഷവുമൊക്കെയുണ്ടെന്ന് കാണിക്കും.
എന്നാൽ, ബഹ്റൈനിൽ എമിഗ്രേഷൻ അധികൃതർ പരിശോധിക്കുമ്പോൾ ചില്ലിക്കാശ് കൈവശമുണ്ടാകില്ല. ഇങ്ങനെയുള്ളവരെ ഒരു കാരണവശാലും ബഹ്റൈനിൽ ഇറങ്ങാൻ അനുവദിക്കില്ല. അടുത്ത വിമാനത്തിൽത്തന്നെ ഇവർക്ക് തിരിച്ചുപോകേണ്ടി വരും. കഴിഞ്ഞ ദിവസം എയർപോർട്ടിൽ എത്തിയ ഒരു മലയാളിയുടെ പക്കൽ ആവശ്യമായ തുക ഇല്ലാതിരുന്നതിനാൽ ഏറെ പ്രയാസം നേരിട്ടു. മടക്ക ടിക്കറ്റെടുക്കാൻ പണം അയക്കുന്നതിന് വീട്ടുകാർക്കും കഴിവില്ലായിരുന്നു. തുടർന്ന് നാട്ടിലെ സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് ഇദ്ദേഹത്തിന് മടക്ക ടിക്കറ്റെടുക്കുന്നതിനുള്ള പണം അയച്ചുനൽകിയത്.
വിശ്വാസ്യതയില്ലാത്ത ട്രാവൽ ഏജൻറുമാരുടെ പക്കൽ ബാങ്ക് സ്റ്റേറ്റ്മെൻറ് പോലുള്ള രേഖകൾ കൊടുക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും ഫസലുൽ ഹഖ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, അവർ ഈ രേഖകളിലെ പേരും വിലാസവും തിരുത്തി മറ്റാർക്കെങ്കിലും വേണ്ടി ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഒരു വർഷത്തെ ഇ-വിസ അനുവദിച്ചതോടെ നൂറുകണക്കിനാളുകളാണ് ബഹ്റൈനിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇവിടെയെത്തി ജോലിയൊന്നും ലഭിക്കാതെ പാർക്കുകളിലും മറ്റും കഴിയേണ്ടിവന്ന സംഭവങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ നിബന്ധനകൾ കർശനമാക്കിയതെന്ന് അറിയുന്നു.
വിനോദസഞ്ചാരം ഉദ്ദേശിച്ചാണ് ബഹ്റൈൻ ഒരു വർഷത്തെ വിസ അനുവദിക്കുന്നത്. എന്നാൽ, ഇത് ദുരുപയോഗംചെയ്യുന്ന സംഭവങ്ങൾ വർധിക്കുകയാണെന്ന് സമീപകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നു. വൃത്തിയായും ഒതുക്കത്തോടെയും വസ്ത്രധാരണം നടത്താതെ അലസ വേഷത്തിൽ വരുന്നവരെ ഒറ്റനോട്ടത്തിൽത്തന്നെ ജോലി അന്വേഷിച്ചുവരുന്നവരാണെന്ന് തിരിച്ചറിയാൻ സാധിക്കുമെന്ന് ഫസലുൽ ഹഖ് പറഞ്ഞു.
ഇവരെ അപ്പോൾത്തന്നെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കും. അതിനാൽ, സന്ദർശക വിസയിൽ വരുന്നവർ മാന്യമായ വസ്ത്രം ധരിച്ച് വരാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലോട്ടറി എടുക്കുന്നതുപോലെ ഭാഗ്യപരീക്ഷണത്തിനാണ് പലരും സന്ദർശക വിസയിൽ ജോലി തേടി ബഹ്റൈനിലേക്ക് വരുന്നതെന്നും ഈ രീതിയിൽനിന്ന് പിന്മാറാൻ ആളുകൾ തയാറാകണമെന്നും സാമൂഹിക പ്രവർത്തകനായ കെ.ടി. സലീം പറഞ്ഞു.
ബഹ്റൈനിൽ ജോലി ചെയ്യുന്നവർക്ക് ഭാര്യയും മക്കളും മാതാപിതാക്കളും ഉൾപ്പെടെ കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവരുന്നതിനും ഇപ്പോഴത്തെ തള്ളിക്കയറ്റം പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശക വിസക്കാർ ബഹ്റൈനിൽ കുടുങ്ങുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ നാട്ടിൽനിന്നുതന്നെ കർശന പരിശോധന നടത്തി കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് വിമാനക്കമ്പനികളുടെ പ്രതിനിധികൾ പറയുന്നു.
ഇക്കാര്യത്തെക്കുറിച്ച് ചില വിമാനക്കമ്പനികൾ ആലോചന തുടങ്ങിയിട്ടുമുണ്ട്. തിരിച്ചുപോകുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ ഭക്ഷണം നൽകുന്നതിന് എയർലൈൻസുകൾ നല്ലൊരു തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇതും നിബന്ധനകൾ കർശനമാക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.
മനാമ: സന്ദർശക വിസയിൽ വന്ന് വിമാനത്താവളത്തിൽനിന്ന് തിരിച്ചുപോകേണ്ടിവരുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ബഹ്റൈൻ എയർപോർട്ട് കമ്പനി നിബന്ധനകൾ കർശനമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, യാത്രക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി ഗൾഫ് എയർ കഴിഞ്ഞദിവസം ട്രാവൽ ഏജൻറുമാർക്ക് സർക്കുലർ അയച്ചു.
ബഹ്റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദീനാർ വീതം കൈവശമുണ്ടാകണമെന്നതാണ് പ്രധാന നിബന്ധന. ഇതിനു പുറമേ, ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബഹ്റൈനിലെ സ്പോൺസറുടെ താമസസ്ഥലത്തിന്റെ രേഖയും (ഇലക്ട്രിസിറ്റി ബിൽ, വാടകക്കരാർ) വേണം. കവറിങ് ലെറ്റർ, സി.പി.ആർ റീഡർ കോപ്പി എന്നിവ സഹിതമാണ് ഇത് സമർപ്പിക്കേണ്ടത്.
റിട്ടേൺ ടിക്കറ്റാണ് സന്ദർശക വിസക്കാർ നിർബന്ധമായും പാലിക്കേണ്ട മറ്റൊരു നിബന്ധന. ഗൾഫ് എയർ വിമാനത്തിൽ വരുന്നവർ റിട്ടേൺ ടിക്കറ്റ് മറ്റ് എയർലൈൻസിന്റേതാണെങ്കിൽ ബഹ്റൈനിലെ എമിഗ്രേഷൻ പരിശോധന സമയത്ത് സാധുവായ ടിക്കറ്റ് നമ്പർ കാണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.