മനാമ: ഹമദ് രാജാവിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വക അപൂർവ സമ്മാനം. ഏറ്റവും മികച്ചതും അപൂർവമായതുമായ സൈബീരിയൻ ഫാൽക്കണുകളിൽ ഒന്നിനെയാണ് പുടിൻ സമ്മാനമായി നൽകിയത്. പുടിന്റെ രക്ഷാകർതൃത്വത്തിൽ റഷ്യൻ നഗരമായ വ്ലാദിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെ റഷ്യയിലെ ബഹ്റൈൻ അംബാസഡർ അഹമ്മദ് അബ്ദുറഹ്മാൻ അൽ സാത്തിയെയാണ് സമ്മാനം ഏൽപിച്ചത്.
ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് അപൂർവ സൈബീരിയൻ ഫാൽക്കണുകളുടെ പ്രദർശനം നടന്നിരുന്നു. ഹമദ് രാജാവിനെ തന്റെ ആശംസ അറിയിക്കാൻ പ്രസിഡന്റ് പുടിൻ അംബാസഡറോട് അഭ്യർഥിക്കുകയും ചെയ്തു. അറബ് ജീവിതത്തിന്റെ ആഡംബരങ്ങളിൽ ഒന്നാണ് ഫാൽകൺ പക്ഷി.
ഫാൽകൺ പ്രദർശനം അറബ് രാജ്യങ്ങളിൽ എല്ലാക്കാലത്തും നടക്കാറുണ്ട്. പ്രൗഢിയോടെ അണിഞ്ഞൊരുങ്ങി നില്ക്കുന്ന ഫാൽകൺ പക്ഷികൾ ഈ പ്രദർശനങ്ങളിൽ കാണാം.
അപൂർവമായ ഫാൽകൺ ഇനങ്ങൾക്ക് കോടികൾ വില വരും. ഹമദ് രാജാവിനോടുള്ള പ്രത്യേകമായ സ്നേഹത്തിന്റെ അടയാളമായാണ് പുടിൻ സൈബീരിയൻ ഫാൽക്കണിനെ സമ്മാനിച്ചത്. ഇക്കണോമിക് ഫോറത്തിൽ ബഹ്റൈന്റെ പങ്കാളിത്തത്തെ പുടിൻ അഭിനന്ദിക്കുകയും ചെയ്തു.
ബഹ്റൈനോടുള്ള നന്ദിസൂചകമായി 2024 ജൂൺ 5-8 വരെ തീയതികളിൽ നടക്കുന്ന സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷനൽ ഇക്കണോമിക് ഫോറത്തിൽ ‘ഗെസ്റ്റ് ഓഫ് ഹോണർ’ ആയി ബഹ്റൈനെ പരിഗണിക്കാനും റഷ്യൻ പ്രസിഡന്റ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.