മനാമ: സൗദി അറേബ്യയിലേക്ക് പോകാൻ എത്തി ബഹ്റൈനിൽ കുടുങ്ങിയ യാത്രക്കാരുടെ വിഷയത്തിൽ വിവാദം മുറുകുന്നു. ട്രാവൽ ഏജൻസികളുടെ വഞ്ചനക്കിരയായാണ് പാവപ്പെട്ട തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ബഹ്റൈനിൽ കുടുങ്ങിയത് എന്നാരോപിച്ച് ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്തായതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്. തുടർന്ന് യാത്രക്കാർ വഞ്ചിതരാകാതെ സൂക്ഷിക്കണമെന്ന് ഒാർമിപ്പിച്ച് നോർക്ക റൂട്ട്സ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളേങ്കാവൻ വ്യാഴാഴ്ച പ്രസ്താവനയും പുറത്തിറക്കി. എന്നാൽ, ഇത്തരം ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ് എന്ന് വ്യക്തമാക്കി ട്രാവൽ ഏജൻസികളുടെ കേരളത്തിലെ സംഘടനയായ ഇൻഡസ് ഫെഡറേഷൻ ഒാഫ് ട്രാവൽ ആൻഡ് ടൂർ ഏജൻറ്സ് (ഇഫ്ത) രംഗത്തെത്തി.
സൗദി യാത്രക്കാർക്ക് സംഭവിച്ചത്
മലയാളികൾ ഉൾപ്പെടെ ആയിരത്തോളം സൗദി യാത്രക്കാരാണ് മേയ് 20 മുതൽ ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതോടെ ബഹ്റൈൻ ഉൾപ്പെടെ മറ്റു രാജ്യങ്ങൾ വഴിയാണ് യാത്രക്കാർ സൗദിയിൽ എത്തിയിരുന്നത്. എന്നാൽ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെയും സൗദി വിലക്കിയതോടെ ബഹ്റൈൻ മാത്രമായി സൗദി യാത്രക്കാരുടെ ആശ്രയം. ബഹ്റൈനിൽ 14 ദിവസത്തെ ക്വാറൻറീന് ശേഷം കിങ് ഫഹദ് കോസ്വേ വഴിയാണ് ഇവർ സൗദിയിലേക്ക് പോയിരുന്നത്. എന്നാൽ, സൗദി അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമേ കോസ്വേ വഴി കടത്തിവിടൂ എന്ന പുതിയ നിബന്ധനയാണ് യാത്രക്കാർക്ക് തിരിച്ചടിയായത്.
യാത്രക്കാരുടെ ഉത്തരവാദിത്തം ട്രാവൽ ഏജൻറുമാർക്ക് –കേരളീയ സമാജം
സൗദിയിലേക്ക് റോഡ് മാർഗം എത്തിക്കാമെന്ന് പറഞ്ഞ് അമിതമായി നിരക്ക് ഇൗടാക്കിയാണ് ട്രാവൽ ഏജൻറുമാർ യാത്രക്കാരെ ബഹ്റൈനിൽ എത്തിച്ചതെന്ന് സമാജം പ്രസിഡൻറ് അയച്ച കത്തിൽ പറയുന്നു. ട്രാവൽ ഏജൻറുമാരുടെ വഞ്ചനക്കിരയായ പാവപ്പെട്ട തൊഴിലാളികളാണ് ഇവരിൽ ഭൂരിഭാഗവും. താമസത്തിനോ ഭക്ഷണത്തിനോ വഴിയില്ലാെത വിഷമിക്കുകയാണ് ഇവർ. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഇവരിൽ അത്യാവശ്യക്കാർക്ക് കേരളീയസമാജം ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ, ഹോട്ടൽ വാടക കൊടുക്കാൻ കഴിയുന്ന അവസ്ഥയിലല്ല തങ്ങൾ. ഇൗ പ്രശ്നങ്ങൾക്കിടയിലും ചില ട്രാവൽ ഏജൻറുമാർ യാത്രക്കാരെ ബഹ്റൈനിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും ഇതിനെതിരെ സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും കത്തിൽ പറയുന്നു.
പ്രത്യേക പാക്കേജിൽ എത്തിച്ച യാത്രക്കാരുടെ പൂർണ ഉത്തരവാദിത്തം ട്രാവൽ ഏജൻസികൾക്കാണെന്ന് പി.വി. രാധാകൃഷ്ണ പിള്ള ഗൾഫ് മാധ്യമത്തോട് പറഞ്ഞു. യാത്രക്കാർക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ട്രാവൽ ഏജൻറുമാർ ഒപ്പം നിൽക്കുകയാണ് വേണ്ടത്. ഹോട്ടലിലെ കാലാവധി കഴിഞ്ഞതിനാൽ താമസിക്കാൻ ഇടമില്ലാത്തവരും ഭക്ഷണം കിട്ടാത്തവരുമുണ്ട്. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനോ സൗദിയിൽ എത്തിക്കാനോ ഉള്ള ഉത്തരവാദിത്തം ട്രാവൽ ഏജൻസികൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ ചൂഷണം ചെയ്ത കേരളത്തിലെ ചില ട്രാവൽ ഏജൻസികളുടെ തെറ്റായ നടപടികൾക്കെതിരെയാണ് പരാതി നൽകിയതെന്നും ബഹ്റൈനിലെ ട്രാവൽ ഏജൻസികളുടെ പ്രവർത്തനത്തെക്കുറിച്ച് മതിപ്പാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർക്കയുടെ മുന്നറിയിച്ച്
സ്വകാര്യ ഏജൻസികൾ നൽകുന്ന വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പ്രവാസികൾ ജാഗ്രത പുലർത്തണമെന്നാണ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളേങ്കാവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടത്. ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയിൽ എത്തിക്കുന്നതിനോ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്ക് അദ്ദേഹം കത്തയച്ചു.
ബഹ്റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാർ ഉത്തരവാദി ആര്? വിവാദം പുകയുന്നു
യാത്രക്കാരെ ട്രാവൽ ഏജൻസികൾ ചതിച്ചു എന്ന പരാമർശം അടിസ്ഥാന രഹിതമാണെന്ന് 'ഇഫ്ത'സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ മങ്കാരത്തൊടി ഗൾഫ് മാധ്യമത്തോട് പറഞ്ഞു. മാസങ്ങളോളം സൗദി പ്രവാസികൾ ബഹ്റൈനെ ഇടത്താവളമാക്കിയാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ, കിങ് ഫഹദ് കോസ്വേ വഴി പോകുന്നവർക്ക് മേയ് 20 മുതൽ വാക്സിനേഷൻ നിർബന്ധമാക്കിയതോടെയാണ് ഇൗ വഴി അടഞ്ഞത്. ഹോട്ടലുകളിൽനിന്ന് വിലപേശി പരമാവധി തുക കുറച്ചാണ് യാത്രക്കാർക്കുവേണ്ടി പാക്കേജുകൾ എടുത്തിരുന്നത്. ഇവരെ ലക്ഷ്യ സ്ഥാനമായ സൗദിയിൽ എത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്. അത് ഞങ്ങൾ നിറവേറ്റുകയും ചെയ്യും.
ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ ബഹ്റൈനിൽനിന്ന് ചാർേട്ടഡ് വിമാന സർവിസ് നടത്തി കുടുങ്ങിക്കിടക്കുന്നവരെ സൗദിയിൽ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനിടെയാണ് വസ്തുതകൾ മനസ്സിലാക്കാതെ അടിസ്ഥാന രഹിതമായ ആരോപണം ചിലർ ഉന്നയിക്കുന്നത്. ബഹ്റൈനിലേക്ക് റസിഡൻസ് വിസ ഉള്ളവർക്ക് മാത്രമാണ് നിലവിൽ യാത്രാ അനുമതി എന്നിരിക്കേ എങ്ങനെയാണ് പുതിയ യാത്രക്കാരെ കൊണ്ടുവരാൻ ട്രാവൽ ഏജൻസികൾ ശ്രമിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ട്രാവൽ ഏജൻസികൾ അമിത നിരക്ക് ഇൗടാക്കി എന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. കേവലം ഒരു ശതമാനം മുതൽ മൂന്നു ശതമാനം വരെ മാത്രമാണ് ട്രാവൽ ഏജൻസികൾക്ക് ടിക്കറ്റിൽനിന്ന് ലഭിക്കുന്ന വരുമാനം. മറ്റ് പല മേഖലകളിലും 10 മുതൽ 15 ശതമാനം വരെ ലാഭം ലഭിക്കുേമ്പാഴാണ് ഇത്.
എയർലൈൻസുകൾ ഇൗടാക്കുന്ന അമിതമായ നിരക്കാണ് ബഹ്റൈനിലേക്കുള്ള യാത്രാച്ചെലവ് വർധിക്കാൻ കാരണം. നേരത്തേ 18,000 രൂപ നിരക്കിൽ ബഹ്റൈനിലേക്ക് വന്നിരുന്ന യാത്രക്കാർക്ക് ഇപ്പോൾ 80,000 രൂപവരെയാണ് നൽകേണ്ടിവരുന്നത്. എയർലൈൻസുകളുടെ ഇൗ കൊള്ളക്കെതിരെയാണ് സംഘടനകൾ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.