മനാമ: പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ബിരുദതലത്തിൽ ഉപരിപഠനം നടത്തുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സ്കോളർഷിപ്പിന് ഇത്തവണ ബഹ്റൈനിൽനിന്ന് 18 പേർ അർഹരായി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 150 പേർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.
ആക്സ സൂസൻ തോമസ്, ആദിത്യ സിങ്, ഐശ്വര്യ അർവപള്ളി, ആൻ മേരി ചാക്കോ, ആർദ്ര ഗിരീഷ്, അർജുൻ ബിനു, അഥർവ സഞ്ജയ് ചൗധരി, അയാൻ മൈത്തി, ഡാനിയൽ ബിനു അബ്രഹാം, ദേവദേവ് സുജിത്, ഹർഷ് കുമാർ ഝാ, കപിൽ രാജേഷ്, ഖുശി മനീഷ്, മേഘ്ന ഗുപ്ത, മേഘ്ന ഗുപ്ത, പാർഥ്വി മനോജ്, രാഹുൽ ബാലചന്ദ്രൻ, റിഷി ബൊപ്പയ്യ ചന്ദ്ര, ശ്രേയ ഗിരിധർ എന്നിവരാണ് ബഹ്റൈനിൽനിന്ന് സ്കോളർഷിപ്പ് നേടിയത്. ഇവരിൽ 16 പേർ ബി.ടെക്കിനും ഒരാൾ ബി.കോമിനും ഒരാൾ ബി.എ എൽ.എൽ.ബിക്കുമാണ് പ്രവേശനം നേടിയത്.
എന്താണ് എസ്.പി.ഡി.സി?
പ്രവാസി ഇന്ത്യക്കാർ (എൻ.ആർ.ഐ), ഇന്ത്യൻ വംശജരായ വിദേശ ഇന്ത്യക്കാർ (പി.ഐ.ഒ/ഒ.സി.ഐ) എന്നിവരുടെ മക്കൾക്ക് ഇന്ത്യയിൽ മെഡിക്കൽ ഇതര കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയതാണ് 'സ്കോളർഷിപ്പ് പ്രോഗ്രാം ഫോർ ഡയസ്പോറ ചിൽഡ്രൻ' (എസ്.പി.ഡി.സി). എല്ലാ വർഷവും 150 പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
സെൻട്രൽ യൂണിവേഴ്സിറ്റികൾ, 'നാക്' എ ഗ്രേഡ് സ്ഥാപനങ്ങൾ, എൻ.ഐ.ടികൾ, സ്കൂൾ ഓഫ് പ്ലാനിങ് ആന്‍റ് ആർക്കിടെക്ചർ (എസ്പി.എ), ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി) എന്നിവയിൽ പ്രവേശനം നേടുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ബഹ്റൈൻ ഉൾപ്പെടെ 69 രാജ്യങ്ങളിൽനിന്നുള്ള പ്രവാസി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 12ാം ഗ്രേഡ് അല്ലെങ്കിൽ തത്തുല്യ ഗ്രേഡിൽ ചുരുങ്ങിയത് 60 ശതമാനം മാർക്ക് നേടിയവരായിരിക്കണം അപേക്ഷകർ. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, പരീക്ഷാ ഫീസ്, രജിസ്ട്രേഷൻ ഫീസ്, ഭക്ഷണം ഒഴികെ മറ്റ് ചെലവുകൾ എന്നിവയുടെ 75 ശതമാനം വരെ സ്കോളർഷിപ്പ് ലഭിക്കുന്നതാണ് പദ്ധതി.
സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർഥികൾ 11,12 ഗ്രേഡുകൾ വിദേശത്തുനിന്ന് പാസായവരായിരിക്കണം. എന്നാൽ, ബഹ്റൈൻ ഉൾപ്പെടെ 17 എമിഗ്രേഷൻ ചെക്ക് റിക്വയേർഡ് (ഇ.സി.ആർ) രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇന്ത്യയിൽ കഴിയുന്ന മക്കൾക്കും അപേക്ഷിക്കാവുന്നതാണ്. ഇവർ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എ.ഐ.യു) അംഗീകാരമുള്ള സീനിയർ സെക്കൻഡറി (10+2) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. സാധാരണ ജുലൈ, ആഗസ്റ്റ് മാസങ്ങളിലാണ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നത്. വിശദ വിവരങ്ങൾ https://spdcindia.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.