മനാമ: സയൻസ് ഇന്ത്യ ഫോറം വിജ്ഞാൻ ഭാരതിയുടെയും ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്ര പ്രതിഭ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ജാഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിൽ സയൻസ് ഇന്ത്യ ഫോറത്തിന്റെ പങ്ക് വലുതാണെന്ന് അംബാസഡർ പറഞ്ഞു. അഹ്ലിയ യൂനിവേഴ്സിറ്റി സ്ഥാപക പ്രസിഡന്റ് പ്രഫ. അബ്ദുല്ല യൂസഫ് അൽ ഹവാജ് മുഖ്യപ്രഭാഷണം നടത്തി. സയൻസ് ഇന്ത്യ ഫോറം പ്രസിഡന്റ് ഡോ. വിനോദ് മണിക്കര അധ്യക്ഷത വഹിച്ചു. അഹ്ലിയ യൂനിവേഴ്സിറ്റി പ്രഫസർ ഡോ.
ഷൗക്കി അഹമ്മദ്, ഡോ. രവി വാര്യർ, ഡോ. ബാബു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. രജീഷ് കുമാർ സ്വാഗതവും പ്രശാന്ത് ധർമരാജ് നന്ദിയും പറഞ്ഞു. ശാസ്ത്ര പ്രതിഭകളായ 17 വിദ്യാർഥികൾക്ക് അംബാസഡർ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. ശാസ്ത്ര പ്രതിഭ പരീക്ഷയിലും ബഹ്റൈൻ സ്റ്റുഡന്റ് ഇന്നവേഷൻ കോൺഗ്രസിലും ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. ശാസ്ത്ര പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഏപ്രിലിൽ നടക്കുന്ന ‘ശാസ്ത്രയാൻ’പരിപാടിയിൽ ഇന്ത്യയിലെ ശാസ്ത്ര, സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കാനും ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.