മനാമ: പ്രൈമറി വിദ്യാർഥികൾക്കിടയിൽ ജിജ്ഞാസ, ശാസ്ത്രീയ മനോഭാവം, പഠനത്തോടുള്ള ഇഷ്ടം എന്നിവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ സ്കൂൾ ജൂനിയർ വിഭാഗത്തിൽ സയൻസ് എക്സ്പ്ലോർ റൂമുകൾ തുറന്നു. സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ് സയൻസ് എക്സ്പ്ലോർ സോൺ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി.രാജപാണ്ഡ്യൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, അധ്യാപകർ, രക്ഷിതാക്കൾ, പ്രിഫെക്ടോറിയൽ കൗൺസിൽ അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഹെഡ് ഗേൾ നൂറ റഹ്മത്തലി സ്വാഗതം പറഞ്ഞു. തുടർന്ന് അഡ്വ. ബിനു മണ്ണിൽ വറുഗീസ് റിബൺ കട്ടിങ് നിർവഹിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രയത്നത്തെ അദ്ദേഹം അഭിനന്ദിച്ചു. ജലചക്രം, ഋതുക്കൾ, ജീവിതചക്രങ്ങൾ, ഭക്ഷ്യ ശൃംഖല, പ്രകാശസംശ്ലേഷണം, വിത്ത് മുളക്കൽ, സൗരയൂഥം, മനുഷ്യശരീരവും അവയവ സംവിധാനങ്ങളും, പ്രകാശവും അനുബന്ധ വിഷയങ്ങളും ഉൾപ്പെടുന്ന വിവിധ പ്രദർശനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന പര്യവേക്ഷണ മുറികളിലേക്ക് വിദ്യാർഥികൾ സന്ദർശകരെ നയിച്ചു.
ലളിതവും എന്നാൽ ആകർഷകവുമായ പരീക്ഷണങ്ങൾ സന്ദർശകർക്കു മുന്നിൽ പ്രദർശിപ്പിച്ചു. ഇക്കോ അംബാസഡർ സാൻവിക രാജേഷ് വിത്ത് മുളക്കുന്ന പ്രക്രിയയെക്കുറിച്ചുള്ള തന്റെ പരീക്ഷണത്തെക്കുറിച്ച് വിവരിച്ചു. ഹെഡ് ബോയ് ജെഫ് ജോർജ് ‘പ്രകാശം ഒരു നേർരേഖയിലൂടെ സഞ്ചരിക്കുന്നു’ എന്ന് തെളിയിക്കുന്ന പരീക്ഷണം പ്രദർശിപ്പിച്ചു. സെക്രട്ടറി വി.രാജപാണ്ഡ്യൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.