മനാമ: ചേരിതിരിഞ്ഞ് നിൽക്കാനുള്ള പ്രവണതയെ അതിജീവിക്കാനുള്ള ശക്തിയാണ് ദൈവം മനുഷ്യന് നൽകിയിരിക്കുന്നതെന്ന് മലങ്കര ഓര്ത്തഡോക്സ് സഭ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം ഗൾഫ് മാധ്യമവുമായി സംസാരിക്കുകയായിരുന്നു. ഇൗ ശക്തി ഉപയോഗിക്കാൻ മനുഷ്യന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. നർകോട്ടിക് ജിഹാദ് അടക്കമുള്ള പരാമർശങ്ങളുടെ പേരിൽ കേരളീയസമൂഹത്തിലുണ്ടായ ഭിന്നതയുടെ പശ്ചാത്തലത്തിലായിരുന്നു മെത്രാപ്പോലീത്തയുടെ പ്രതികരണം.
സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടുന്നതാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം മതത്തിെൻറയോ തത്ത്വസംഹിതയുടെയോ അടിസ്ഥാനത്തിൽ മാത്രമല്ല, സ്നേഹത്തിെൻറയും കരുണയുടെയും സ്വാഭാവിക പ്രവാഹമാണത്. വാളും പരിചയുമായി മതത്തെ വളർത്താമെന്ന് കരുതുന്നത് മൗഢ്യമാണ്. മതങ്ങളിലെ തീവ്രചിന്താഗതിക്കാരായ ചുരുക്കം ചിലരാണ് കുഴപ്പങ്ങളുണ്ടാക്കുന്നത്. അവരെ ഒറ്റപ്പെടുത്താനും തുറന്നുകാണിക്കാനും കഴിയണം. മതത്തിൽനിന്ന് മദമിളകി നന്മയെ ഇല്ലാതാക്കുന്നവരാണ് ഇന്നത്തെ പ്രശ്നം. ദൈവത്തിെൻറ സ്വന്തം നാടായ കേരളത്തിൽ ഹൃദയവിശാലത ഇപ്പോൾ എത്രപേർക്കുണ്ടെന്നും അദ്ദേഹം ചോദിച്ചു.
അടിസ്ഥാനപരമായ സ്നേഹവും കരുതലുമാണ് നമുക്ക് വേണ്ടത്. ഭൂമിയിൽ കിട്ടുന്ന ചുരുങ്ങിയസമയം എങ്ങനെ സന്തോഷകരമായും സൃഷ്ടിപരമായും ഉപയോഗിക്കാം എന്നാണ് ചിന്തിക്കേണ്ടത്. എല്ലാവിഭാഗം ആളുകളുടെയും സംഭാവനകളുണ്ടാകുേമ്പാഴാണ് രാജ്യത്ത് വികസനം ഉണ്ടാകുന്നത്. മനുഷ്യന് അപാരമായ സിദ്ധിയുണ്ട്. അത് ദൈവത്തിന് പ്രീതികരമായും മനുഷ്യനും ലോകത്തിനും പ്രയോജനകരമായും ഉപയോഗിക്കാനാണ് ശ്രമിേക്കണ്ടത്. മതത്തിെൻറ നന്മയും രുചിയും അറിയണമെങ്കിലും മറ്റുള്ളവരെ അറിയിക്കണമെങ്കിലും അത് അനുഭവങ്ങളിൽനിന്ന് അവതരിപ്പിക്കണം. മാധ്യമപ്രവർത്തകരുടെ തൂലികയിൽനിന്ന് നല്ലതുകൾ സൃഷ്ടിക്കാൻ കഴിയണം. വാശിയും വൈരാഗ്യവും സൃഷ്ടിക്കുേമ്പാൾ ഒരു സമൂഹത്തെയാണ് നശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.