മനാമ: ദേശീയ ബജറ്റിന് ശൂറ കൗൺസിൽ അംഗങ്ങളുടെ അംഗീകാരം. ചൊവ്വാഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ചക്കും വോട്ടിനുമിട്ട ബജറ്റ് കരട് 33 എം.പിമാരുടെ അംഗീകാരത്തോടെ പാസാക്കിയിരുന്നു. അതിനെ തുടർന്നാണ് ശൂറ കൗൺസിലിന് കൈമാറിയത്. ശൂറ അംഗീകാരം ലഭിച്ചതോടെ അടിയന്തര അംഗീകാരങ്ങൾക്കായി ഹമദ് രാജാവിന് സമർപ്പിക്കും.
ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള എട്ടംഗ മന്ത്രിതല സംഘവും സെഷനിൽ സന്നിഹിതരായിരുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് മുൻതൂക്കം നൽകുന്നു എന്നായിരുന്നു ശൂറ കൗൺസിൽ സാമ്പത്തിക കാര്യ സമിതി ചെയർമാൻ ഖാലിദ് അൽ മസ്കതി ബജറ്റ് പദ്ധതികളെ വിശകലനംചെയ്ത് പറഞ്ഞത്.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവക്ക് മുൻതൂക്കം നൽകുന്നതാണ് നിർദിഷ്ട ബജറ്റ് കരട്. കോടിക്കണക്കിന് ദിനാറിന്റെ വികസനമാണ് ഈ മേഖലകളിൽ സർക്കാർ ആസൂത്രണംചെയ്തത്. റിഫ ക്ലോക്ക് ടവർ മുതൽ ജനബിയ ഹൈവേ വരെ നീളുന്ന വാലി അൽ അഹ്ദ് ഹൈവേയുടെ നവീകരണം, മുഹറഖിനെ മനാമയുമായി ബന്ധിപ്പിക്കുന്ന നാലാമത്തെ പാലം, ശൈഖ് ഇസ ബിൻ സൽമാൻ ഹൈവേ വികസിപ്പിക്കൽ, ബുദയ്യ ഹൈവേ വികസിപ്പിക്കൽ, ശൈഖ് ഇസ ബ്രിഡ്ജ് ഇന്റർസെക്ഷൻ റോഡ് 105 നവീകരിക്കൽ, ശൈഖ് ഇസ ബിൻ സൽമാൻ ഹൈവേയുമായി ശൈഖ് സായിദ് ഹൈവേ ഇന്റർസെക്ഷൻ വികസിപ്പിക്കൽ, ശൈഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹൈവേ വികസിപ്പിക്കൽ, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡുകൾ വികസിപ്പിക്കൽ തുടങ്ങി നിരവധി റോഡ് നിർമാണങ്ങൾ, അറ്റകുറ്റപ്പണികൾ, പാലം നിർമാണം തുടങ്ങിയവ പദ്ധതിയിലുണ്ട്.
കൂടാതെ പൊതു പാർക്കുകൾ, ബീച്ച് നവീകരണം തുടങ്ങിയവയും അടിസ്ഥാന വികസനത്തിന്റെ ഭാഗമായി നടപ്പാക്കും. ഈ വർഷം മൂന്നും അടുത്ത വർഷം രണ്ടും പുതിയ സ്കൂളുകൾ നിർമിക്കും. 80ഓളം സ്കൂളുകളുടെ നവീകരണവും പദ്ധതിയിലുണ്ട്. ഇതുവഴി സ്കൂളുകളിലും അക്കാദമിക് കേന്ദ്രങ്ങളിലും അധ്യാപകരുടെ തൊഴിൽ അവസരം വർധിപ്പിക്കും.
നാല് പുതിയ സാമൂഹിക, പുനരധിവാസ കേന്ദ്രങ്ങളുടെ നിർമാണവും ബജറ്റിന്റെ ഭാഗമാകും. പ്രതിവർഷം 64,000 വ്യക്തികളായാണ് നിലവിലുള്ള 15 കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്നത്. ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികളിലെ വകുപ്പുകൾ വികസിപ്പിക്കൽ എന്നിവയും ബജറ്റിൽ ഉൾപ്പെടുന്നു. ആശുപത്രികളുടെ മുഖ്യ ആവശ്യക്കാരായി വരുന്ന പ്രവാസികൾക്ക് ഇൻഷുറൻസ് നടപ്പാക്കാനും പദ്ധതിയുണ്ട്. ഭവന, നഗരാസൂത്രണ മന്ത്രാലയം ആറ് പദ്ധതികളിലൂടെ ഭവന നിർമാണത്തിന് സഹകരിക്കും.
നിലവിലുള്ള വൈദ്യുതി, ജല ശൃംഖലകൾ വികസിപ്പിക്കുന്നതിനായി വൈദ്യുതി, ജലകാര്യ മന്ത്രാലയം 400 മില്യൺ ബഹ്റൈൻ ദിനാർ ചെലവഴിക്കും. കൂടാതെ രണ്ട് വൈദ്യുതി നിലയങ്ങൾ നിർമിക്കുന്നതിന് രണ്ട് ബില്യൺ ദിനാറും നിക്ഷേപിക്കും. വർഷംതോറും 25,000 ബഹ്റൈനികൾക്ക് തൊഴിൽ നൽകാനും 15,000 പേർക്ക് പരിശീലനം നൽകാനുമാണ് തൊഴിൽ മന്ത്രാലയം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.