മനാമ: പത്രപ്രവർത്തനം, വിദ്യാഭ്യാസം, ജനസേവനം, മനുഷ്യാവകാശ പോരാട്ടം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച മഹാനെയാണ് പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷനും വിഷൻ-2026 ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച സിദ്ദീഖ് ഹസൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ സാമൂഹിക മേഖലയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനും സമുദ്ധാരണത്തിനുംവേണ്ടി രൂപവത്കരിച്ച വിഷൻ-2026 എന്ന ബൃഹത് പദ്ധതിയുടെ മുഖ്യശിൽപിയാണ് അദ്ദേഹമെന്ന് അധ്യക്ഷതവഹിച്ച് സംസാരിച്ച ജമാൽ നദ്വി ഇരിങ്ങൽ പറഞ്ഞു. ഉത്തരേന്ത്യയിൽ വിഷെൻറ നിരവധി പ്രോജക്ടുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. അദ്ദേഹം തുടങ്ങിവെച്ച പദ്ധതികൾ ഇനിയും കുറേ മുന്നോട്ട് പോകേണ്ടതുണ്ട്.
സമൂഹത്തെ എങ്ങനെ സുസ്ഥിരവും സമഗ്രവുമായ പുരോഗതിയിലേക്ക് നയിക്കാമെന്ന പ്രായോഗിക പദ്ധതികളാണ് അദ്ദേഹം രാജ്യത്തിന് മുമ്പാകെ സമർപ്പിച്ചത്. അതു പ്രായോഗികമായി വിജയിപ്പിച്ചുകാണിക്കുകയും ചെയ്ത മഹാനായിരുന്നു സിദ്ദീഖ് ഹസനെന്നും ജമാൽ നദ്വി ഇരിങ്ങൽ കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ മത-സാമൂഹിക-സാസ്കാരികരംഗത്തെ പ്രമുഖരായ ഫഖ്റുദ്ദീൻ തങ്ങൾ, വിഷൻ-2026 ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് സാദിഖ്, കെ.എം.സി.സി ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഗഫൂർ കയ്പമംഗലം, ഇ.കെ സലീം, ബദറുദ്ദീൻ പൂവാർ, ചെമ്പൻ ജലാൽ, ആമിർ ബേഗ്, അഷ്റഫ് കാട്ടിൽപീടിക, സലിം എൻജിനിയർ, എം. സാദിഖ്, ഷിബു പത്തനംതിട്ട തുടങ്ങിയവർ സംസാരിച്ചു.
ഷാജി മൂതല, കെ.ടി.മൊയ്തീൻ, ജാഫർ മൈതാനി, എസ്.വി. ജലീൽ, ബഷീർ അമ്പലായി, കമാൽ മൊഹിയുദ്ദീൻ, സമീർ ക്യാപിറ്റൽ, സുഹൈൽ മേലടി , റഷീദ് മാഹി, കാസിം പാടത്താകയിൽ തുടങ്ങിയവർ സംബന്ധിച്ചു. ജന. സെക്രട്ടറി എം.എം സുബൈർ സ്വാഗതവും അഹ്മദ് റഫീഖ് നന്ദിയും പറഞ്ഞു. എ.എം. ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.