മനാമ: കുളിർകാറ്റിനു കൊതിക്കുന്ന മരുഭൂമിക്ക് സാന്ത്വനമെന്നപോൽ ആയിരമായിരം ഹൃദയങ്ങളിൽ സംഗീതം പെയ്തിറങ്ങി. ലുലു ദാന മാളിൽ ‘ഗൾഫ്മാധ്യമം’ സംഘടിപ്പിച്ച ‘സിങ് ആൻഡ് വിൻ’ മത്സരവേദിയാണ് ആസ്വാദക മനസ്സുകളെ കുളിരണിയിച്ചത്. സിങ് ആൻഡ് വിൻ’ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ കാണാൻ ആസ്വാദകരുടെ വലിയ നിരയാണ് ദാന മാളിലെത്തിച്ചേർന്നത്. അപേക്ഷിച്ച നൂറുകണക്കിന് മത്സരാർഥികളിൽനിന്ന് രണ്ടു റൗണ്ടുകളിലൂടെ കടന്നുവന്ന മികവുകളാണ് ഫിനാലെ വേദിയെ സമ്പുഷ്ടമാക്കിയത്. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 20 പേരായിരുന്നു ഫൈനൽ റൗണ്ടിൽ. വിധികർത്താക്കളെ ആശയക്കുഴപ്പത്തിലാക്കും വിധം അമ്പരപ്പിക്കുന്ന പ്രകടനമാണ് ഓരോ മത്സരാർഥിയും കാഴ്ചവെച്ചത്.
പ്രബുദ്ധമായ സദസ്സിന്റെ മനസ്സുനിറക്കുന്ന ആലാപനസൗഷ്ടവം. ഗാനങ്ങൾക്കൊപ്പം ചുവടുവെച്ചും താളമടിച്ചും കാണികൾ സദസ്സിനെ ഇളക്കിമറിച്ചു. കഠിന ഹൃദയരെയും തരളിത മാനസരാക്കുന്ന അനുഗ്രഹ വർഷം. സംഗീതവേദിക്കുമുന്നിൽ ലോകത്തിന്റെ ഒരു പരിഛേദമാകെ കണ്ണുമിഴിച്ച് നിൽക്കുന്ന അത്ഭുതക്കാഴ്ച. ദേശവും വർണവും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും വ്യത്യസ്തം. പക്ഷേ, സംഗീതമഴയിൽ വ്യത്യാസങ്ങളെല്ലാം ഒഴുകിയിറങ്ങിപ്പോകുകതന്നെ ചെയ്തു.
സംഗീതത്തിന് ഭാഷ, ദേശ വ്യത്യാസമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ട ധന്യ മുഹൂർത്തം. ജൂൺ 30 ന് വൈകീട്ട് ആറിന് ‘ഗൾഫ്മാധ്യമം ക്രൗൺ പ്ലാസയിലൊരുക്കുന്ന ‘ബഹ്റൈൻ ബീറ്റ്സ്’ പരിപാടിക്ക് മുന്നോടിയായിരുന്നു ‘സിങ് ആൻഡ് വിൻ’. ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചവരെല്ലാം കൈനിറയെ സമ്മാനങ്ങളുമായാണ് മടങ്ങിയത്.
മത്സരവിജയികളെ ‘ബഹ്റൈൻ ബീറ്റ്സ് വേദിയിൽ പ്രഖ്യാപിക്കും. അമ്പരപ്പിക്കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മാത്രമല്ല ‘ബഹ്റൈൻ ബീറ്റ്സിന്റെ’ പ്രൗഢമായ വേദിയിൽ വിശിഷ്ടാതിഥികൾക്കും ഇഷ്ടതാരങ്ങൾക്കുമൊപ്പം സ്റ്റേജിൽ ഗാനമാലപിക്കാനുള്ള അസുലഭ അവസരം ഇവർക്ക് ലഭിക്കും. ‘ബഹ്റൈൻ ബീറ്റ്സ്’ ടിക്കറ്റുകൾ 97334619565 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. വനേസ്സ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.