മനാമ: ബഹ്റൈനിലെ പാട്ടുതാരത്തെ തിരഞ്ഞെടുക്കാനായി ഗൾഫ് മാധ്യമം ഒരുക്കുന്ന സിങ് ആൻഡ് വിൻ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ 14ന് വൈകുന്നേരം നാലിന് മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും.
റാംലി മാളിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരം മത്സരാർഥികളുടേയും സംഗീതപ്രേമികളുടേയും സൗകര്യം മുൻനിർത്തി മുഹറഖ് ലുലുവിലെ വിശാലമായ വേദിയിലേക്കു മാറ്റുകയായിരുന്നു. നൂറുകണക്കിന് എൻട്രികളിൽനിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട മുപ്പത് മത്സരാർഥികളാണ് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്നത്.
ഗൾഫ് മാധ്യമം 25ാം വാർഷികത്തോടനുബന്ധിച്ച് ജൂൺ 18ന് ഏഷ്യൻ സ്കൂൾ എ.പി.ജെ.അബ്ദുൽ കലാം ഹാളിൽ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മധുമയമായ് പാടാം’ മെഗാ സംഗീത പരിപാടിയുടെ മുന്നോടിയായാണ് സിങ് ആൻഡ് വിൻ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയികളാകുന്നവർക്ക് എം.ജി ശ്രീകുമാറിനോടൊപ്പം വേദിയിൽ ഗാനമാലപിക്കാനുള്ള അസുലഭ അവസരാണ് കൈവരുന്നത്. കൂടാതെ കൈനിറയെ സമ്മാനങ്ങളും ലഭിക്കും.
ഫൈനലിൽ പ്രശസ്തരായ വിധികർത്താക്കൾ മൂല്യനിർണയം നടത്തും. കാണികൾക്കും നിരവധി സമ്മാനങ്ങൾ ലഭിക്കുന്ന ക്വിസ് അടക്കം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പാട്ട് ആസ്വദിക്കാനും അതോടൊപ്പം കൈനിറയെ സമ്മാനങ്ങളുമായി വീട്ടിലേക്ക് തിരികെപ്പോകാനുമുള്ള അവസരമാണ് സംഗീതാസ്വാദകർക്ക് കൈവരുന്നത്.
‘മധുമയമായ് പാടാം’ സംഗീത നിശയുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. ടിക്കറ്റുകൾക്ക് 34619565 എന്ന നമ്പറിൽ വിളിക്കാം. എം.ജി. ശ്രീകുമാർ ചലച്ചിത്ര ഗാനരംഗത്തെത്തിയതിന്റെ നാല് സുന്ദരദശകങ്ങളുടെ ആഘോഷം കൂടിയാകും ‘മധുമയമായ് പാടാം’. എം.ജിയോടൊപ്പം വൻതാരനിര തന്നെ പവിഴദ്വീപിലെത്തും. വിധു പ്രതാപ്, നിത്യ മാമ്മൻ, ലിബിൻ സഖറിയ, അസ്ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ, റഹ്മാൻ പത്തനാപുരം തുടങ്ങിയ പ്രതിഭകൾ. ഒപ്പം അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷും. ടിക്കറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പാക്കിക്കൊള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.