ഹ​രീ​ഷ്​ ശി​വ​രാ​മ​കൃ​ഷ്ണ​ൻ

ഊർജ പ്രവാഹമായി ഒഴുകിപ്പരക്കുന്ന ഗാനവിസ്മയം

മനാമ: വൈദ്യുതി പ്രവാഹം പോലെയാണ് ഹരീഷ് ശിവരാമകൃഷ്ണൻ വേദിയിൽ എത്തുന്നത്. പ്രേക്ഷകരിൽ ഒരു ഊർജ വിസ്ഫോടനം സൃഷ്ടിച്ച് ആ പ്രവാഹം ഒഴുകിപ്പരക്കും. കേട്ടുമറന്ന ഗാനങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ അന്തരീക്ഷത്തിലേക്കുയരുമ്പോൾ ആരാധകരുടെ കരഘോഷമുയരും.

വൈകിയെത്തിയ വസന്തം പോലെ ചുരുങ്ങിയ കാലം കൊണ്ട് മലയാള ഗാനരംഗത്തെ ജനകീയ മുഖമായി മാറിയ ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ മാസ്റ്റർപീസ് ഗാനങ്ങളുമായി ബഹ്റൈനിൽ എത്തുന്നു. സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മേയ് 27ന് ക്രൗൺ പ്ലാസ ഹോട്ടലിൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'റെയ്നി നൈറ്റ്' സംഗീത പരിപാടിയിൽ തന്റെ ഇഷ്ടഗാനങ്ങളുമായി ആരാധകരെ കോരിത്തരിപ്പിക്കും. എല്ലാവരും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനങ്ങൾ പുതിയൊരു തലത്തിലും രീതിയിലും പാടിത്തിമിർക്കുന്ന ഹരീഷ് ശിവരാമകൃഷ്ണൻ ഇന്നൊരു മ്യൂസിക് സെൻസേഷനാണ്. ഹരീഷിന്റെ പാട്ട് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കാത്തവരും ആ ചോദ്യം കേൾക്കാത്തവരുമില്ല. സ്റ്റേജിനെയും ആൾക്കൂട്ടത്തെയും ഹൃദയത്തോട് ചേർത്തുനിർത്തുന്ന ഹരീഷിന് പാട്ട് എത്ര പാടിയാലും മതിവരാത്ത ഒരു വികാരമാണ്. പാടാൻ കൊതിയുള്ള ഗായകനാണ് അദ്ദേഹം. ആ കൊതിയാണ് ഹരീഷിന്റെ പാട്ടുകളെ ഇത്രയേറെ ജനപ്രിയമാക്കിയതും. ഹൃദയത്തിൽ ആസ്വദിച്ച് പാടുന്നതാണ് അദ്ദേഹത്തിന്റെ പാട്ടുകൾ.

എല്ലാവരുടേതുമാണ് ഹരീഷ് ശിവരാമകൃഷ്ണൻ എന്ന ഗായകൻ. കൈക്കുഞ്ഞുങ്ങളുമായി അദ്ദേഹത്തിന്റെ പാട്ടുകേൾക്കാൻ വരുന്നവരുണ്ട്. ചെറുപ്പക്കാർക്കും പ്രായമായവർക്കും അദ്ദേഹം പ്രിയപ്പെട്ടവനാണ്. ആളുകൾക്കൊപ്പം ഫോട്ടോ എടുക്കാനും സ്വന്തം പാട്ടുകളുടെ ലൈക്കും ഷെയറും കണക്കുകൂട്ടാനും സമയം കണ്ടെത്തുന്ന, ജഗതിയുടെ തമാശകൾ ഇഷ്ടപ്പെടുന്ന സാധാരണക്കാരൻ. സ്റ്റേജിൽ കയറിയാൽ ഊർജതരംഗം പായിക്കുന്ന മാന്ത്രിക ഗായകൻ. സുന്ദര മധുരമായ പഴയ പാട്ടുകൾ നീട്ടിവലിച്ച് പാടുന്നു എന്ന് ആരോപണമുയർന്നപ്പോൾ 'ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും' എന്ന സെൽഫ് ട്രോളുമായി നേരിട്ട സഹൃദയനാണ് ഈ ഗായകൻ.

ഹരീഷ് ശിവരാമകൃഷ്ണൻ മലയാള ഗാന രംഗത്തെ ഒരു വിസ്മയമാണ്. ബഹ്റൈനും കാത്തിരിക്കുന്നു; ആ ഗാനവിസ്മയത്തെ നേഞ്ചോട് ചേർക്കാൻ. 

Tags:    
News Summary - Singing wonder that flows like a stream of energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.