മനാമ: ഇന്ത്യയും ഇന്ത്യൻസമൂഹവുമായി ബഹ്റൈന്‍ പ്രത്യേക ബന്ധമാണുള്ളതെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബിസിനസ് മേഖലയിലെ പ്രമുഖരായ പൂനവാല ഗ്രൂപ് എം.ഡി ഡോ. സൈറസ് പൂനവാലയെയും സംഘത്തെയും സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ബഹ്റൈനും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന ബന്ധം അനുസ്മരിച്ച അദ്ദേഹം വ്യാപാരമേഖലയിലുള്ള സഹകരണവും ഏറെ ശ്രദ്ധേയമാണെന്ന് വ്യക്തമാക്കി. വ്യാപാരികളും നിക്ഷേപകരും പരസ്പരമുള്ള സഹകരണം ഇരുരാജ്യങ്ങൾക്കും ഏറെ ഗുണകരമായിരിക്കും. നിക്ഷേപ, വ്യാപാര സംരംഭങ്ങളിൽ ഏറെ കരുത്തോടെ മുന്നോട്ടുപോകാനും സഹകരണം വ്യാപിപ്പിക്കാനും സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
കോവിഡ് കാലത്ത് വാക്സിൻ ലഭ്യമാക്കുന്നതിന് ഇന്ത്യയുമായും ഫാർമസ്യൂട്ടിക്കൽ മേഖലയിലെ പൂനവാല ഗ്രൂപ്പുമായും സഹകരിക്കാൻ സാധിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു.
റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ഈസ ബിൻ സൽമാൻ എജുക്കേഷൻ എൻഡോവ്മെന്റ് ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.