ഇനി സ്വപ്നങ്ങളില്ല, യാഥാർഥ്യങ്ങൾ മാത്രം. അവന്റെ ഓർമകൾ ഇറയത്തെ കീറിത്തുന്നിയ പായക്കീറിൽ മരിച്ചുകിടക്കുമ്പോൾ അവൻ പലപ്പോഴായി കണ്ട സ്വപ്നങ്ങൾ തലച്ചുവട്ടിൽ വാവിട്ടുകരയുന്നു. വീതംവെപ്പിനു മുമ്പേ മരിച്ചുപോയ അപ്പന്റെ മക്കളെപ്പോലെ തോന്നിപ്പോയി. കാലത്തിന്റെ നീളൻ വാഴയിലയിൽ കിടത്തി ഓർമകൾക്കായി വായ്ക്കരി അർപ്പിച്ചു ബന്ധങ്ങളും മുറിഞ്ഞുപോകുന്നു.
ദേഹി ഇറങ്ങാൻ തുടങ്ങുമ്പോൾ തെക്കിനിപ്പടിയുടെ കോണിൽ പോലും നിൽക്കാൻ അവകാശമില്ലാത്ത വിഷണ്ണനായി മറഞ്ഞുനിന്ന അവന്റെ നിഴൽ, വെളിച്ചം വളർത്തിയ ഇത്തിൾപ്പക്ഷി. ‘‘നീയും ഞാനും ഒരുപാട് ചേർന്നുനടന്നതല്ലേ, ഒത്തിരി സ്വപ്നങ്ങൾ ഞാൻ നിന്റെ കാതിൽ പറഞ്ഞതല്ലേ. ഇത്രനാൾ കൂടെ നടന്നവൻ കൂട്ടുവിട്ടിറങ്ങിപ്പോകുമ്പോൾ നിന്റെ കണ്ണിൽ മാത്രം എന്തേ ഒരിറ്റു ദുഃഖം പൊടിയാതെ പോയത്.’’ ഗദ്ഗദംപോലെ അവന്റെ ഉള്ള് മന്ത്രിച്ചുകൊണ്ടേയിരുന്നു. കർമബന്ധങ്ങൾ ഇനി പെരുവിരലിലെ കൂട്ടിക്കെട്ടിൽ മാത്രം ഒതുങ്ങിക്കൂടുന്നു. കൂട്ടിമുറുക്കിയപ്പോൾ മനസ്സിൽ നല്ല സുഖം. അഗ്നിജ്വാലകൾക്ക് വിഴുങ്ങാൻ കൊടുക്കും മുന്നേ അവയുടെ കെട്ടഴിച്ചുവിടും. അതോടെ ആ സുഖവും നിലംപറ്റും. കാൽച്ചുവട്ടിൽ നിൽക്കുന്നു കുറെയേറെ പ്രതീക്ഷകൾ. ഒരു ഭാവഭേദവുമില്ലാതെ, അവർ പ്രതീക്ഷിച്ചിരുന്നവർ മാത്രമാണല്ലോ. ജനിക്കാതെപോയ ഭ്രൂണത്തിന്റെ ജാതകംപോലെ. വികാരങ്ങൾ പലപ്പോഴും കിട്ടാക്കനി പോലെയാണ്. കണ്മുന്നിൽ തളിർക്കും, കായ്ക്കും, കനംവെക്കും, ചിലതു കനിയാകും, പെട്ടെന്ന് പാകപ്പെടും.
പഴുക്കാൻ തുടങ്ങിയാൽ കഴിക്കാൻ കൊതിക്കുമ്പോൾ കാൽച്ചുവട്ടിൽ പൊഴിഞ്ഞുവീഴും. ഉപയോഗപ്പെടാതെ വെറുതെ നോക്കിനിൽക്കേണ്ടിവരും. മോഹിക്കാതെയും കൊതിക്കാതെയും സ്വയം പുഷ്പിക്കുന്ന പൂമൊട്ടുകളെപ്പോലെയാണ് ചില ബന്ധങ്ങൾ. അത് നിത്യജീവിതത്തിലൂടെയോ കർമത്തിലൂടെയോ ജന്മാന്തരങ്ങളിലൂടെയോ സുഗന്ധം മാത്രം പൊഴിച്ചുതരുന്നു. ഒന്നിലും പരിതപിക്കാതെ മഞ്ഞിൻകണങ്ങളെ തഴുകി അവ മനസ്സിന്റെ പൂവാടിയിൽ നിസ്വാർഥരായി അങ്ങനെ പരിലസിച്ചുനിൽക്കും. ചിലപ്പോൾ കൺപീലികൾ മാത്രം ആരുമറിയാതെ ഈറനാക്കും. നീറിക്കത്തുന്ന ഉമിത്തീയുടെ മനസ്സിന്റെ വിങ്ങൽപോലെ, ഗദ്ഗദങ്ങളിൽ പെട്ടുഴലുമ്പോൾ ആ കവിളുകളിൽകൂടി ഒലിച്ചിറങ്ങുന്ന ഉപ്പുമണികൾ ആരോരുമറിയാതെ സ്വയം വെറുതെ തുടച്ചുമാറ്റും. അവൻ പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു. ഇനി എന്റെ നിഴലേ നിന്നോടാണ്, ഞാൻ ഇറങ്ങുന്നു. ഇനി നീ എന്റെ പരിസരത്തുപോലും വന്നുപോകരുത്.
അവൻ പോയിടത്തു നിനക്കെന്തു സ്ഥാനം. വെളിച്ചമെത്തി നിന്നെ പ്രകോപിപ്പിക്കുമ്പോൾ നീ എന്റെ അടുത്തേക്ക് വരാതിരിക്കുക. നിന്റെ കരാളഹസ്തങ്ങൾ എന്റെ മേനിയിൽ പുൽകാതിരിക്കുക, ഞാൻ വിട്ടിറങ്ങുമ്പോൾ നീ മാത്രം നോക്കിനിൽക്കയുമരുത്, എന്നോടൊപ്പം നീ ഇല്ലാതെയുമാവരുത്. വെളിച്ചം തേടി അകലേക്ക് പറന്നുകൊള്ളുക. മറ്റൊരു നിർഭാഗ്യവാന്റെ പ്രതിച്ഛായയായി മാറാൻ തയാറാകുക.
സ്വസ്ഥി, സ്വസ്ഥി, സ്വസ്ഥി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.