വ്യാജ പ്രചാരണത്തിനെതിരെ നടപടി കർശമനമാക്കും

മനാമ: വ്യാജ വാർത്ത നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ നൽകുകയും വ്യാജങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് വലിയ കുറ്റമായിട്ടാണ് ബഹ്റൈനിൽ പരിഗണിക്കുന്നത്. അതിനാൽ ഇത്തരം മാധ്യമങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് വ്യക്തികളോടും കൂട്ടായ്മകളോടും അധികൃതർ ആവശ്യപ്പെട്ടു.

വ്യക്തികളും കൂട്ടായ്മകളും പരസ്പരം ബന്ധപ്പെടാനും വാർത്തകൾ അറിയുന്നതിനും അറിയിക്കുന്നതിനുമുള്ള മാധ്യമമായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്നാപ്ഷോട്ട്, ടിക്ടോക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് വാർത്തകളും അറിയിപ്പുകളും നൽകുന്നത്.

വീഡിയോകളും സന്ദേശങ്ങളും ഫയലുകളും അയക്കുന്നതിനും ലേഖനങ്ങളും കാഴ്ച്ചപ്പാടുകളും എഴുതുന്നതിനും ഇതുപയോഗിക്കുന്നുണ്ട്. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അതിലേക്ക് മറ്റുള്ളവരെ ആകർഷിക്കാനും ഇത് സഹായകമാണ്. അതേസമയം, സമൂഹത്തിൽ ഗുണപരമായ സ്വാധീനമുണ്ടാക്കാൻ കഴിയുന്നതോടൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങളുടെ തെറ്റായ രീതിയിലുള്ള ഉപയോഗത്തിലൂടെ വ്യാജങ്ങൾ പ്രചരിപ്പിക്കുന്നതും വ്യാപകമാണ്.

മതങ്ങൾക്കും രാഷ്ട്രത്തിനും സംസ്കാരത്തിനുമെതിരെ പല തരത്തിലുള്ള പ്രചാരണങ്ങളും നടത്താനും ഇതിനെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. വ്യാജ പ്രചാരണം, വ്യാജ വാർത്ത നിർമിക്കൽ, വ്യക്തി അധിക്ഷേപം, മത നിന്ദ എന്നിവ നവ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയാൽ രണ്ട് വർഷത്തിൽ കൂടാത്ത തടവും ഒരു ലക്ഷം ദിനാർ വരെയുള്ള പിഴയുമാണ് ശിക്ഷ ലഭിക്കുക. ചില സാഹചര്യങ്ങളിൽ രണ്ട് ശിക്ഷയും ഒരുമിച്ച് ലഭിക്കാനും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താക്കൾ വ്യക്തമാക്കി. 

Tags:    
News Summary - Strict action will be taken against fake propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.