ബഹ്റൈൻ കേരളീയസമാജത്തിൽ അവതരിപ്പിച്ച ചരടുപിന്നിക്കളി 

ആയിരങ്ങളെ ആകർഷിച്ച് ചരടു പിന്നിക്കളി

മനാമ: ശ്രീകൃഷ്ണ ലീലകളെ മുഖ്യ പ്രമേയമാക്കി കേരളത്തിലെ തെക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന നാടൻ കലാരൂപമായ ചരടുപിന്നിക്കളിയെ നിറഞ്ഞ സദസ്സിൽ പുനരാവിഷ്കരിച്ച് ബഹ്‌റൈൻ കേരളീയസമാജം. ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായാണ് സമാജം വനിത വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രായക്കാരായ നൂറിലധികം പേർ അണിനിരന്ന മെഗാ ചരടു പിന്നിക്കളി അരങ്ങേറിയത്.

ഗോപികമാരും ഉണ്ണിക്കണ്ണനും വശ്യമായ ചുവടുകളാൽ ചരടുകൾ പിന്നി നിറഞ്ഞാടിയപ്പോൾ ഒരു പൗരാണിക കലാരൂപത്തെ അതിന്റെ തനിമ ഒട്ടും ചോരാതെ ആസ്വദിക്കാൻ കഴിഞ്ഞ നിർവൃതിയിലായിരുന്നു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ തിങ്ങി നിറഞ്ഞ പ്രവാസി സമൂഹം.

ശ്രദ്ധയോടെ, പരിശീലനം കൊണ്ട് മാത്രം സ്വായത്തമാക്കാൻ കഴിയുന്ന കലാരൂപമാണ് ചരടുപിന്നിക്കളി. ഈ കലാരൂപത്തിന്റെ ഗുരുവായിരുന്ന വെഞ്ഞാറമൂട് കുഞ്ഞിക്കുട്ടിയമ്മയിൽ നിന്ന് പരിശീലനം നേടിയ ബഹ്‌റൈനിലെ പ്രമുഖ നാടക പ്രവർത്തകൻ വിഷ്ണു നാടകഗ്രാമത്തിന്റെ ശിക്ഷണത്തിൽ ആഴ്ചകൾ നീണ്ട പരിശീലനത്തിനൊടുവിലാണ് വേദിയിൽ അവതരിപ്പിച്ചത്. അന്യംനിന്നുപോകുന്ന കലാരൂപങ്ങളെ സജീവമാക്കി നിർത്താൻ ബഹ്‌റൈൻ കേരളീയ സമാജം പ്രത്യേക ശ്രദ്ധ നൽകിവരുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസകൾ അർപ്പിച്ചു. വിവിധ പരിപാടികളിൽ സംബന്ധിക്കാനായി ബഹ്‌റൈനിലെത്തിയ ആലത്തൂർ എം.പി രമ്യ ഹരിദാസിന്റെ സന്ദർശനവും ചടങ്ങിന് മാറ്റ് കൂട്ടി. വനിത വിഭാഗം പ്രതിനിധി മോഹിനി തോമസ് നന്ദി പറഞ്ഞു. 

Tags:    
News Summary - String game attracts thousands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.