മനാമ: മറഞ്ഞിരിക്കുന്ന വൈകല്യങ്ങളുള്ള വ്യക്തികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനായി ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ സൺഫ്ലവർ സ്കീം തുടങ്ങി.
ബഹ്റൈൻ എയർപോർട്ട് കമ്പനി (ബിഎസി) ഔദ്യോഗിക ലോഞ്ച് പ്രഖ്യാപിച്ചു. ‘ഞങ്ങൾ നിങ്ങളെ കാണുന്നു’ എന്ന തലക്കെട്ടിലാണ് പരിപാടി. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയുമാണ് പരിപാടി നടപ്പാക്കുന്നത്.
ഗൾഫ് എയർ ഗ്രൂപ് ഹോൾഡിങ് ചെയർമാൻ സായിദ് ആർ അൽസയാനി, ജി.എഫ്. ജി. സി.ഇ.ഒ ജെഫ്രി ഗോ, ബി.എ.സി സി.ഇ.ഒ മുഹമ്മദ് യൂസിഫ് അൽ ബിൻഫലഹ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഹിഡൻ ഡിസെബിലിറ്റീസ് സൺഫ്ലവർ സ്കീം നടപ്പാക്കുന്ന മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെ വിമാനത്താവളമാണ് ബഹ്റൈൻ.
മറഞ്ഞിരിക്കുന്ന വൈകല്യങ്ങളുള്ള വ്യക്തികളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ ആവശ്യങ്ങൾ യാത്രയിലുടനീളം തിരിച്ചറിയുകയും മനസ്സിലാക്കുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സംരംഭം ലക്ഷ്യമിടുന്നത്. ദൃശ്യമല്ലാത്ത വൈകല്യങ്ങളുള്ള യാത്രക്കാർക്ക് സൂര്യകാന്തി ലാനിയാർഡ് നൽകും.ഇവരെ അതിലൂടെ എയർപോർട്ട് സ്റ്റാഫിന് തിരിച്ചറിയാൻ സാധിക്കും.
ഓട്ടിസം, ഉത്കണ്ഠാ രോഗങ്ങൾ, ഡിമെൻഷ്യ, ക്രോൺസ് , മറ്റ് മറഞ്ഞിരിക്കുന്ന വൈകല്യങ്ങൾ ഇവയുള്ള യാത്രക്കാർക്ക് അധികസഹായം ആവശ്യമാണെങ്കിൽ ചെക്ക്-ഇൻ കൗണ്ടർ B19-ലേക്ക് പോകാം.അവിടെ അവർക്ക് സൂര്യകാന്തി ലാനിയാർഡ് ലഭിക്കും. ഇത്തരം യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകാൻ എയർപോർട്ട് ജീവനക്കാരെ സജ്ജരാക്കുന്നതിന് പരിശീലനം നൽകി.നൂറ് ജീവനക്കാർക്ക് ഇതിനകം സമഗ്ര പരിശീലനം നടത്തി. കൂടുതൽ വിവരങ്ങൾക്ക്, ദയവായി www.Bahrainairport.bh സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.