മനാമ: വിശ്വകലാ പുരസ്കാരത്തിന്റെ സമ്മാനത്തുകയായ അഞ്ചു ലക്ഷം രൂപ നിർധന കുടുംബത്തിന് വീട് നിർമിക്കാൻ നൽകാനുള്ള സൂര്യ കൃഷ്ണമൂർത്തിയുടെ തീരുമാനത്തെ പിന്തുണച്ച് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. പിന്തുണയായി രണ്ടുലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ലുലു റീജനൽ ഓഫിസിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപാവാല രണ്ടു ലക്ഷം രൂപയുടെ ചെക്ക് സൂര്യ കൃഷ്ണമൂർത്തിക്ക് കൈമാറുകയും ചെയ്തു.
സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി എന്ന കലാപ്രസ്ഥാനത്തിന്റെ അമരക്കാരനും ലൈറ്റ് ആൻഡ് ഷെയ്ഡ് ഷോകളുടെ കുലപതിയുമായ സൂര്യ കൃഷ്ണമൂർത്തിക്ക് കേരളീയ സമാജത്തിന്റെ വിശ്വകലാപുരസ്കാരം സമ്മാനിക്കുന്ന വേളയിലാണ് പുരസ്കാരത്തുക കാരുണ്യപ്രവർത്തനത്തിനായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചത്. വേദിയിൽ സന്നിഹിതനായ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി രണ്ടു ലക്ഷം രൂപ നൽകാനുള്ള തീരുമാനം കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയെ അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ഇക്കാര്യം വേദിയിൽ പ്രഖ്യാപിക്കുകയും ചെയ്തു.
ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനായിരുന്ന നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തി, കലയോടുള്ള അഭിനിവേശംമൂലം കനത്ത ശമ്പളവും പദവിയുമുള്ള ജോലി ഉപേക്ഷിച്ച് പിൽക്കാല ജീവിതം കലാപ്രവർത്തനങ്ങൾക്കായി പരിപൂർണമായി സമർപ്പിക്കുകയായിരുന്നു. ഇന്ത്യൻ കലകൾക്ക് ലോകത്താകമാനം വേദിയുണ്ടാക്കിയതിലും ലോകകലാരംഗത്ത് ഇന്ത്യക്ക് വ്യക്തിമുദ്ര പതിപ്പിക്കാൻ അവസരമൊരുക്കിയതിലും സൂര്യ കൃഷ്ണമൂർത്തിയുടെ പരിശ്രമങ്ങൾ ഗണനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.