മനാമ: പരമ്പരാഗത ബഹ്റൈൻ കായിക ഇനങ്ങൾ കോർത്തിണക്കിയുള്ള നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ആറാമത് എഡിഷൻ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ബഹ്റൈൻ ഇൻഹെറിറ്റഡ് ട്രഡീഷനൽ സ്പോർട്സ് കമ്മിറ്റി (മാവ്റൂത്ത്) അറിയിച്ചു.
പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് എല്ലാ വർഷവും മത്സരം സംഘടിപ്പിക്കുന്നത്. ബഹ്റൈൻ പരമ്പരാഗത കായിക ഇനങ്ങളായ തുഴച്ചിൽ, ഡൈവിങ്, മീൻപിടിത്തം തുടങ്ങിയവ മത്സരങ്ങളിൽപെടും. കഴിഞ്ഞ വർഷം 16 ടീമുകളിലായി 250 പേർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പരമ്പരാഗത വള്ളങ്ങളാണ് മത്സരങ്ങളിൽ അണിനിരന്നത്. ഈ സീസണിൽ പുതിയ മത്സരങ്ങളും ഉൾപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.
പുതിയ സീസൺ മുമ്പത്തേക്കാൾ വലുതും മികച്ചതുമായിരിക്കുമെന്ന് മൗറൂത്ത് ചെയർമാൻ ഖലീഫ ബിൻ അബ്ദുല്ല ആൽ ഖൗദ് പറഞ്ഞു. വരും തലമുറകൾക്ക് ആസ്വദിക്കാൻ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തലമുറകൾ പാരമ്പര്യം മുറുകെ പിടിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഹമദ് രാജാവിന്റെ മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കും വേണ്ടിയുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയോട് അൽ ഖൗദ് നന്ദി പറഞ്ഞു. നാസർ ബിൻ ഹമദ് ഫാൽകൺറി, ഹണ്ടിങ് ഒമ്പതാമത് സീസൺ നവംബർ മുതൽ ഫെബ്രുവരി വരെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് @mawroothbh സന്ദർശിക്കുക അല്ലെങ്കിൽ 66944744 എന്ന നമ്പറിൽ വിളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.