മനാമ: ഓണത്തനിമയുള്ള മത്സരങ്ങളും കൈനിറയെ സമ്മാനങ്ങളുമായി പവിഴദ്വീപിന്റെ ഓണാഘോഷത്തിന് പൊലിമയേകി ‘ഗൾഫ് മാധ്യമം’ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ഓണം ഫെസ്റ്റ് ഒരുക്കുന്നു. ലുലു ഗലേറിയ മാളിൽ ഈ മാസം 27 നാണ് ബഹ്റൈന്റെ തകർപ്പൻ ഓണാഘോഷം.
കുട്ടികൾക്കായി ചിത്രരചന ‘ലിറ്റിൾ ആർട്ടിസ്റ്റ്’, പായസമത്സരം- കുക്ക് വിത്ത് കുടുംബം, ഓണപ്പാട്ടു മത്സരം, പിന്നെ കപ്പിൾ കോണ്ടസ്റ്റും. മത്സരാർഥികൾക്ക് കൈനിറയെ സമ്മാനങ്ങളാണ് ഓണം ഫെസ്റ്റിനൊരുക്കിയിരിക്കുന്നത്. കാണികൾക്കായി നിരവധി ഇൻസ്റ്റന്റ് മത്സരങ്ങളുമുണ്ട്.
ആഘോഷപ്പകലിൽ കളിയും ചിരിയും തമാശയുമായി പ്രിയങ്കരനായ താരം മറിമായം, എം 80 മൂസ ഫെയിം വിനോദ് കോവൂർ. ഒപ്പം ഏഷ്യാനെറ്റ് സ്റ്റാർസിങ്ങർ അവതാരക വർഷ രമേഷും. കുട്ടികൾക്കും മുതിർന്നവർക്കും മതിമറന്നാഹ്ലാദിക്കാൻ വക നൽകുന്ന അത്യുഗ്രൻ മത്സരങ്ങളാണ് ഓണം ഫെസ്റ്റിന്റെ ഭാഗമായി നടക്കുക. രാവിലെ ചിത്രരചന, ഓണപ്പാട്ട് മത്സരങ്ങൾ നടക്കും.
മധുരപ്രിയരുടെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചുകൊണ്ട് പായസമത്സരം. പായസത്തിന്റെ വേറിട്ട രുചിക്കൂട്ടുകൾ പരീക്ഷിക്കാനും സമ്മാനങ്ങൾ വാരിയെടുക്കാനുമുള്ള അവസരം.
വൈകുന്നേരം കളിയും ചിരിയും കുസൃതിയും കുറുമ്പുമായി കപ്പിൾ കോണ്ടസ്റ്റ്. ചിരിയും അഭിനയവും കുസൃതിയുമൊക്കെയായി കുറച്ചധികം സമയം ആനന്ദിക്കാനൊരു അസുലഭ അവസരം. തകർപ്പൻ ആഘോഷത്തിനൊരുങ്ങിക്കോളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.