മനാമ: പാസ്പോർട്ട് പുതുക്കാൻ കൊടുത്തതിനാൽ, അത്യാവശ്യമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായ കോഴിക്കോട് സ്വദേശിക്ക് അവധിദിനത്തിലും പ്രവർത്തിച്ച് എംബസിയുടെ സഹായം. പാസ്പോർട്ട് കാലാവധി കഴിയാറായതിനെത്തുടർന്നാണ് ബഹ്റൈനിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി പുതുക്കാനായി പാസ്പോർട്ട് ഇന്ത്യൻ എംബസിയിൽ നൽകിയത്.
പെട്ടെന്നാണ് പിതാവിനെ ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ നാട്ടിൽ പോകാൻ യുവാവ് ഒരുങ്ങിയെങ്കിലും പാസ്പോർട്ട് കൈവശമില്ലാത്തതിനാൽ പോകാനായില്ല. എംബസിയിൽ ബന്ധപ്പെട്ടപ്പോൾ കുറച്ചു ദിവസങ്ങൾ കഴിഞ്ഞേ പുതുക്കി ലഭിക്കൂ എന്നാണ് പറഞ്ഞത്. വിഷമവൃത്തത്തിലായ യുവാവ് സാമൂഹികപ്രവർത്തകരെ ബന്ധപ്പെട്ടു. ബി.കെ.എസ്.എഫ് ഹെൽപ് ലൈൻ പ്രവർത്തകർ വിഷയത്തിലിടപെടുകയും എംബസി സെക്കൻഡ് സെക്രട്ടറി സമീപിക്കുകയുംചെയ്തു.
തുടർന്ന് അവധിദിനമായ വെള്ളിയാഴ്ച അദ്ദേഹവും സ്റ്റാഫും എംബസിയിലെത്തുകയും പാസ്പോർട്ട് തിരികെ നൽകി യാത്രക്കാവശ്യമായ സഹായങ്ങൾ ചെയ്യുകയുമായിരുന്നു. പാസ്പോർട്ട് കാൻസൽ ചെയ്തിരുന്നില്ല എന്നതിനാൽ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. തുടർന്ന് യുവാവ് വെള്ളിയാഴ്ച രാത്രിതന്നെ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.