മനാമ: കിങ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്കും സൗദിയിലേക്കും യാത്രചെയ്യുന്നവർക്കായി ഹെൽത്ത് പാസ്പോർട്ട് സംവിധാനം വരുന്നു. സ്വദേശികളും പ്രവാസികളുമായ യാത്രക്കാർ കോവിഡ്-19 വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഇൗ സംവിധാനം ആവിഷ്കരിക്കുന്നത്. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി ചീഫ് എക്സിക്യുട്ടിവ് മുഹമ്മദ് അലി അൽ ഖഇദും സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഖമ്ദിയും റിയാദിൽ ഒപ്പുവെച്ചു.
ബഹ്റൈനിലെ 'ബി അവെയർ', സൗദിയുടെ 'തവക്കൽന' ആപ്പുകളിലുള്ള ആരോഗ്യവിവരങ്ങൾ ഇരുരാജ്യങ്ങളുടെയും പാസ്പോർട്ട് സംവിധാനവുമായി ബന്ധിപ്പിച്ചാണ് ഹെൽത്ത് പാസ്പോർട്ട് സംവിധാനം ഒരുക്കുന്നത്. സൗദിയിലേക്കും ബഹ്റൈനിലേക്കും യാത്രചെയ്യുന്നവരുടെ യാത്രാരേഖകളോടൊപ്പം കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ സാധുതയും അംഗീകാരവും ഇതുവഴി ഉറപ്പാക്കാൻ സാധിക്കും. കിങ് ഫഹദ് കോസ്വേ അധികൃതർക്ക് ഇരുരാജ്യങ്ങളിലെയും കോവിഡ് മാനദണ്ഡ പ്രകാരമുള്ള യാത്രക്കാരുടെ യോഗ്യത വേഗത്തിൽ കണ്ടെത്താനും നടപടിക്രമങ്ങൾ താമസ്സമില്ലാതെ പൂർത്തിയാക്കാനും പുതിയ സംവിധാനം സഹായിക്കും.
റിയാദിലെ കിങ് ഫഹദ് കോസ്വേ അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൗദിയിലെ ബഹ്റൈൻ അംബാസഡർ ശൈഖ് ഹമൂദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും ഇരു രാജ്യങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.