മനാമ: തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭയിലും മനാമ സൂഖിലെ വൻതീപിടിത്തം ചർച്ചയായി. ബഹ്റൈനിനെ പ്രതിനിധീകരിച്ച് സംസാരിച്ച സുബൈർ കണ്ണൂരാണ് വിഷയം ഉന്നയിച്ചത്. തീപിടിത്തത്തിനിരയായ ചെറുകിട കച്ചവടക്കാരെ സഹായിക്കാൻ നോർക്ക ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിരിഞ്ഞുപോകുന്ന സാധാരണ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുമെങ്കിലും അജ്ഞത മൂലമോ സാങ്കേതിക കാര്യങ്ങൾ അറിയാത്തതുമൂലമോ പലരും അത് വാങ്ങാതെയാണ് പോകുന്നത്. ഇത്തരം വിഷയങ്ങളിൽ എംബസിയുടെ സഹായം വേണ്ടതുണ്ടെന്നും അദ്ദേഹം ജനപ്രതിനിധികളുടെ ശ്രദ്ധയിൽപെടുത്തി.
മലയാള ഭാഷയും സംസ്കാരവുമാണ് മലയാളിയുടെ ജീവവായുവെന്നും അതു സംരക്ഷിക്കാൻ സംസ്ഥാന സർക്കാറും അക്കാദമികളും സാംസ്കാരിക സ്ഥാപനങ്ങളും പിന്തുണ നൽകണമെന്നും പി.വി. രാധാകൃഷ്ണ പിള്ള ആവശ്യപ്പെട്ടു. മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.
എന്നാൽ സംഗീത നാടക, സാഹിത്യ, ഫോക്ലോർ, ലളിതകല അക്കാദമികൾ ഇക്കാര്യത്തിൽ മുഖം തിരിക്കുകയാണ്. ഭാഷയെയും സംസ്കാരത്തെയും ആഘോഷിക്കാൻ ലോക മലയാളിസമ്മേളനം വർഷത്തിലൊരിക്കൽ നടത്തണം. ബഹ്റൈനിൽ അത്തരമൊരു സമ്മേളനം തീരുമാനിച്ചാൽ നടത്തിപ്പ് കേരളീയ സമാജം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ തൊഴിലാളികൾ നേരിടുന്ന വിവിധ വിഷയങ്ങളും പ്രശ്നങ്ങളും സി.വി. നാരായണൻ സഭയുടെ ശ്രദ്ധയിൽപെടുത്തി. ലീഗൽ സെല്ലിന്റെ ഇടപെടലുണ്ടാകേണ്ട മേഖലകൾ സംബന്ധിച്ച് പി. ശ്രീജിത്തും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.