മനാമ: സാറിലെ 525 ബ്ലോക്കിൽ പാർക്ക് നിർമിക്കുന്നതിന് കരാറിൽ ഒപ്പുവെച്ചതായി മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മുനിസിപ്പൽ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ വ്യക്തമാക്കി. 3372 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പാർക്കിന് രണ്ട് ലക്ഷം ദീനാർ ചെലവ് വരും. പ്രദേശവാസികൾക്ക് ഉല്ലസിക്കാനും വ്യായാമങ്ങളിലേർപ്പെടാനും ഇതുപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്കാവശ്യമായ സേവന പദ്ധതികൾ വ്യാപിപ്പിക്കുന്നതിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്.
വിവിധ പ്രദേശങ്ങളിൽ പാർക്കുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിൽ മന്ത്രാലയം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജനങ്ങളുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ആനന്ദവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിത്. കൂടാതെ ഹരിതപ്രദേശങ്ങൾ വ്യാപിപ്പിക്കാനും അതുവഴി സുസ്ഥിര വികസന മേഖലയിൽ കൂടുതൽ മുന്നേറാനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾക്കായി 454 ചതുരശ്ര മീറ്ററിൽ കിഡ്സ് പ്ലേ ഏരിയ തയാറാക്കും. 630 ചതുരശ്ര മീറ്റർ ഹരിത പ്രദേശമാക്കി നിജപ്പെടുത്തും. ഇതിൽ വിവിധ വ്യായാമ ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്യും. 124ലധികം തണൽ മരങ്ങൾ നട്ടുപിടിപ്പിക്കും.
അത്തി, വേപ്പ്, റാഗ്വീഡ് തുടങ്ങി വൈവിധ്യമാർന്ന തണൽ മരങ്ങളാണ് നടുന്നത്. ഇത് ഉല്ലസിക്കാനെത്തുന്നവർക്ക് തണലും തണുപ്പും നൽകും. ബാത്റൂം, തണുത്ത വെള്ളം ലഭിക്കുന്ന സംവിധാനം, പാർക്കിങ് ഏരിയ എന്നിവയും ഇവിടെ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പോർട്സ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ജനങ്ങളുടെ കായിക ക്ഷമതയും ആരോഗ്യവും നിലനിർത്താൻ സഹായകമാകും. ടോയ്ലറ്റുകൾ, 14 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയുണ്ടാകും. തണുത്ത വെള്ളം മരങ്ങൾക്കുമേൽ പൊഴിക്കാനുള്ള ഉപകരണങ്ങൾ സജ്ജീകരിക്കും. ഇത് ശീതളിമയും കുളിർമയും എപ്പോഴും നിലനിർത്താൻ സഹായകമാകും.സന്ദർശകരുടെ സുരക്ഷ മുൻനിർത്തി നിരീക്ഷണ കാമറകളും സ്ഥാപിക്കും.
സമൂഹത്തിന് വിനോദ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ പാർക്ക് സ്ഥാപിക്കുന്നതുവഴി സാധിക്കുമെന്ന് വടക്കൻ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. സയ്യിദ് ഷുബ്ബാർ അൽ വെദൈ പറഞ്ഞു.
വിനോദത്തിന് അനുയോജ്യമായ സ്ഥലങ്ങൾ ആവശ്യമാണെന്ന് ജനങ്ങളിൽനിന്ന് ആവശ്യമുയർന്നിരുന്നു.അവരുടെ പ്രതീക്ഷകൾക്കൊത്ത സംവിധാനമാണ് ആധുനിക സജ്ജീകരണങ്ങളോടെ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.