മനാമ: ദേശീയ വനവത്കരണ കാമ്പയിനിന്റെ മൂന്നാം ഘട്ടത്തിൽ രാജ്യത്തുടനീളം 40,000ത്തിലധികം മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. നാഷനൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (എൻ.ഐ.എ.ഡി) 2021 ഒക്ടോബറിൽ ആരംഭിച്ച ‘ഫോർ എവർ ഗ്രീൻ’ പദ്ധതിയുടെ ഭാഗമായാണ് വനവത്കരണ പരിപാടികൾ.
ബഹ്റൈന്റെ ഹരിതാഭ വർധിപ്പിക്കാനും കൃഷിയോടും ജൈവ വൈവിധ്യത്തോടുമുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ടാണ് ‘ഫോർ എവർ ഗ്രീൻ’ പദ്ധതി പ്രവർത്തിക്കുന്നത്. രാജ്യത്തെ പാതയോരത്തെ മരങ്ങളുടെ എണ്ണം കഴിഞ്ഞവർഷം കണക്കാക്കിയപ്പോൾ 1.8 ദശലക്ഷമായിരുന്നു.
2035 ഓടെ 3.6 ദശലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം. വേപ്പ്, ചെമ്പരത്തി, ഫിക്കസ്, യൂക്കാലിപ്റ്റസ്, കാസിയ എന്നിവയുൾപ്പെടെ തണൽ മരങ്ങളാണ് റോഡരികിലും ജങ്ഷനുകളിലും നട്ടുപിടിപ്പിക്കുന്നത്. ഈ മരങ്ങൾ രാജ്യത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമാണ്. ഉയർന്ന ചൂടും വരൾച്ചയുമനുഭവപ്പെടുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ വളരുന്നവയാണിവ.
അതുകൊണ്ടാണിവ വനവത്കരണ പരിപാടിക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. വിവിധ ഗവർണറേറ്റുകളിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കി. സ്കൂളുകളിലും മറ്റും വിദ്യഭ്യാസ വകുപ്പിന്റെ പിന്തുണയോടെ പദ്ധതി നടപ്പാക്കിയിരുന്നു. കാർബൺ വികിരണം കുറച്ചുകൊണ്ടുവരാനും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്നാം ഘട്ടത്തിൽ 40,043 മരങ്ങളും ചെടികളുമുള്ള 47 വനവത്കരണ പദ്ധതികളാണ് ഉണ്ടായിരുന്നത്. നാല് ഗവർണറേറ്റുകളിലായി 14,243 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മരം നട്ടുപിടിപ്പിച്ചു. മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം, സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ്, നാല് മുനിസിപ്പാലിറ്റികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇവ നട്ടുപിടിപ്പിച്ചത്.
തെരുവുകൾ, പൂന്തോട്ടങ്ങൾ, നടപ്പാതകൾ, തീരപ്രദേശങ്ങൾ എന്നിവയുൾപ്പെടെ പൊതുസ്ഥലങ്ങൾ, ഭവന-നഗരാസൂത്രണ മന്ത്രാലയത്തിന്റെ 16 സൈറ്റുകൾ, പൊതു-സ്വകാര്യ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടേതായ 12 സൈറ്റുകൾ എന്നിവയിലും മരം നട്ടു. സതേൺ ഗവർണറേറ്റ്, ക്യാപിറ്റൽ ഗവർണറേറ്റ്, മുഹറഖ് ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ് എന്നിവിടങ്ങളിലെല്ലാം പദ്ധതി നടപ്പാക്കി.
എൻ.ഐ.എ.ഡി ചെയർപേഴ്സൺ പ്രിൻസസ് പദ്ധതിയുടെ പുതിയ ഘട്ടത്തിൽ പങ്കാളികളായ സർക്കാർ ഏജൻസികൾക്കും സംഘടനകൾക്കും എൻ.ഐ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ നന്ദി പറഞ്ഞു. 2060ഓടെ കാർബൺ എമിഷൻ പൂജ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് വനവത്കരണ പരിപാടികൾ.
രാജ്യത്തിന്റെ ഹരിതവത്കരണ പരിപാടികൾ ഫലം കണ്ടെന്ന് തെളിയിക്കുന്ന ചിത്രം നാഷനൽ സ്പേസ് സയൻസ് ഏജൻസി പുറത്തുവിട്ടിരുന്നു. മനാമയിലെ അൽ ഫാറൂഖ് ജങ്ഷന്റെ മിഴിവാർന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.
2019 ലെ ജങ്ഷന്റെ ചിത്രവും 2023ലെ ചിത്രവുമാണ് നാഷനൽ സ്പേസ് സയൻസ് ഏജൻസി പങ്കുവെച്ചത്. ഗ്രീൻ കവറേജിൽ 40 ശതമാനം വർധനയാണ് ഈ കാലത്തുണ്ടായതെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഊഷരമായിരുന്ന ജങ്ഷൻ ഹരിതാഭമായി മാറിയതായി ചിത്രങ്ങളിൽനിന്ന് വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.