മനാമ: വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാൻ മഴക്കാലത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യു.എ) ഇലക്ട്രിസിറ്റി എമർജൻസി ഡിപ്പാർട്മെന്റ് മേധാവി ഒസാമ അൽ സായിദ് ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
ആവശ്യമായ വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി അംഗീകാരവും മതിയായ യോഗ്യതയുള്ളതുമായ കോൺട്രാക്ടറുടെ സഹായം തേടണം. എല്ലാ വീടുകളിലെ വൈദ്യുതി കണക്ഷനുകളും മീറ്റർ ബോക്സും വെള്ളം വീഴാത്ത അവസ്ഥയിലാണുള്ളതെന്ന് ഉറപ്പാക്കണം. മഴവെള്ളം വീണ് ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയും വൈദ്യുതി നിലക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ പൗരൻമാർക്കും താമസക്കാർക്കും സഹായം ലഭ്യമാക്കാൻ എമർജൻസി സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമായി നാല് എമർജൻസി സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യുതി തകരാർ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ കാൾ സെന്റർ ആരംഭിച്ചിട്ടുണ്ട്.
വൈദ്യുതി തകരാറോ അപകടങ്ങളോ ഉണ്ടായാൽ ഉടനടി പരിഹരിക്കാൻ എമർജൻസി ടീമുകളുടെ എണ്ണം വർധിപ്പിച്ചതായും ഇലക്ട്രിസിറ്റി എമർജൻസി ഡിപ്പാർട്ട്മെന്റ് മേധാവി കൂട്ടിച്ചേർത്തു. എമർജൻസി ടീമിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധ വേണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനയുടമകളോട് നിർദേശിച്ചു. മഴവെള്ളം വീഴുമ്പോൾ ടയറുകൾ സ്ലിപ്പാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിച്ചുകൊണ്ടേ വാഹനമോടിക്കാവു. മാത്രമല്ല, വേഗപരിധി നിബന്ധനകൾ കർശനമായി പാലിക്കുകയും വേണം. കഴിഞ്ഞ ദിവസങ്ങളിൽ ചാറ്റൽമഴ പല സ്ഥലങ്ങളിലുമുണ്ടായിരുന്നു. തണുപ്പുകാലത്തിനു മുന്നോടിയായി മഴയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.