മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാക്കാനായി പുതിയ മൂന്ന് ഫ്ലൈ ഓവറുകൾ നിർമിക്കാൻ ആലോചന. കിങ് ഫൈസൽ ഹൈവേയെയും ബുസൈതീനെയും ബന്ധിപ്പിക്കുന്ന ശൈഖ് ഈസ ബ്രിഡ്ജ്, അൽ ഫാത്തി ഹൈവേയെ മുഹറഖുമായി ബന്ധിപ്പിക്കുന്ന ശൈഖ് ഹമദ് ബ്രിഡ്ജ്, മുഹറഖിനെ സൽമാൻ ടൗണുമായി ബന്ധിപ്പിക്കുന്ന പേരിടാത്ത പുതിയ റിങ് റോഡ് എന്നിവയാണിത്.
പുതിയ ഫ്ലൈ ഓവറുകൾ വന്നാൽ റോഡിലെ മറ്റു തിരക്കുകളെ ബാധിക്കാതെ എയർപോർട്ട് ഉപയോഗിക്കുന്നവരുടെ യാത്ര സുഗമമാകുമെന്നാണ് മുഹറഖ് മുനിസിപ്പൽ കൗൺസിലിന്റെ ശിപാർശയിൽ പറയുന്നത്. യാത്രക്കാർക്കും കാർഗോ ഓപറേറ്റർമാർക്കും ഗതാഗതക്കുരുക്ക് ഒഴിവാക്കി സഞ്ചരിക്കാൻ ഇതുവഴി സഹായകമാകും. വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നവീകരണത്തിന് തടസ്സമായ ഒരു സ്മാരകം നീക്കംചെയ്യാനും അനുമതി ലഭിച്ചിട്ടുണ്ട്.
ഖലീഫ അൽ കബീർ അവന്യൂവിലെ 50 വർഷം പഴക്കമുള്ള വാട്ടർഫാൾ മോണമെന്റാണ് മാറ്റുന്നത്. പുതിയ ഫ്ലൈ ഓവർ വരുന്നത് പ്രദേശത്തെ താമസക്കാർക്കും സന്ദർശകർക്കും പ്രയോജനപ്പെടും. വേഗത്തിലുള്ള നഗരവത്കരണവും വർധിച്ചുവരുന്ന വാഹന ഗതാഗതവുമാണ് ആധുനിക ലോകം നേരിടുന്ന വെല്ലുവിളികൾ. അതുകൊണ്ടുതന്നെ ഭാവി വികസന സാധ്യതകൾകൂടി പരിഗണിച്ച് ഫ്ലൈ ഓവറുകൾ വരുന്നതെന്ന് കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു.
വിമാനത്താവളത്തിലേക്കുള്ള പാതകളിൽ ഗതാഗതക്കുരുക്ക് വരുന്നത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കാറുണ്ട്. ഉദ്ദേശിക്കുന്ന സമയത്ത് എത്തിപ്പെടാൻ സാധിക്കാത്തത് വിമാനങ്ങൾ നഷ്ടപ്പെടാനും കാരണമാകാറുണ്ട്.ട്രാഫിക് സിഗ്നലുകൾ കുറക്കാനും ഗതാഗതക്കുരുക്കിന് കാരണമാകുന്ന ജങ്ഷനുകൾ, കാൽനട ക്രോസിങ്ങുകൾ, മറ്റു നഗര റോഡുകൾ എന്നിവ ഒഴിവാക്കാനും ഫ്ലൈ ഓവറുകൾ സഹായിക്കും. ഡൽഹി, മുംബൈ, ഇസ്തംബുൾ തുടങ്ങിയ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറക്കാൻ മേൽപാലങ്ങൾ സഹായിച്ചിട്ടുണ്ടെന്നും കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.