മനാമ: നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ടൂറിസം വസ്തു ഉടമകൾക്കും ഓപറേറ്റർമാർക്കും കടുത്ത ശിക്ഷകളും കനത്ത പിഴയും വരുന്നു. നിയമം ലംഘിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കാറ്റഗറി തരംതാഴ്ത്തുന്നതടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും.
കൂടാതെ, ഉട മകൾക്ക് ആറുമാസം വരെ തടവും പരമാവധി 30,000 ദീനാറിന്റെ പിഴയും ചുമത്താമെന്നും പുതിയ നിയമ ഭേദഗതിയിൽ പറയുന്നു. ടൂറിസം സംബന്ധിച്ച 1986ലെ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ഹമദ് രാജാവ് ഉത്തരവിറക്കി. മന്ത്രിസഭ അംഗീകാരത്തെയും പ്രധാനമന്ത്രിയുടെ നിർദേശത്തെയും അടിസ്ഥാനമാക്കിയാണ് രാജാവ് നിയമം ഭേദഗതി ചെയ്തത്.
പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നിയമലംഘകർക്കെതിരെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) നടപടിയെടുക്കും. പരാതികളുണ്ടെങ്കിൽ പ്രത്യേക കോടതിയിൽ അപ്പീൽ നൽകാം. നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ബി.ടി.ഇ.എ ക്ക് ഇനിപറയുന്ന ശിക്ഷകൾ ചുമത്താം.
ആദ്യം രേഖാമൂലമുള്ള മുന്നറിയിപ്പായിരിക്കും നൽകുക. സ്ഥാപനത്തിന് ടൂറിസ്റ്റ് സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ള കാറ്റഗറി തരംതാഴ്ത്തുകയാണ് അടുത്ത നടപടി. മൂന്നു മാസത്തിൽ കൂടാത്ത കാലയളവിലേക്ക് ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുക, സ്ഥാപനം അടച്ചുപൂട്ടുക എന്നിവയും ഗൗരവമുള്ള ലംഘനങ്ങൾക്ക് ശിക്ഷയായി വിധിക്കാം. നിയമ ലംഘനത്തിന്റെ കാരണങ്ങൾ തിരുത്തുന്നതുവരെ പ്രതിദിനം 100 ദീനാർ എന്ന തോതിൽ പിഴയീടാക്കാം.
തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ മൂന്നു വർഷത്തിനുള്ളിൽ അതേ ലംഘനം ആവർത്തിക്കുകയാണെങ്കിൽ പ്രതിദിനം 200 ദീനാർ എന്ന തോതിൽ പിഴയീടാക്കാം. മൊത്തം പിഴ 20,000 ദീനാറിൽ കവിയാൻ പാടില്ലെന്നും ഭേദഗതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.