മനാമ: ബഹ്റൈനിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള പുതിയ യാത്ര നിബന്ധനകൾ പാലിക്കാതെ യാത്ര ചെയ്യാൻ എത്തുന്നവർ വിമാനത്താവളത്തിൽ കുടുങ്ങുന്നത് പതിവാകുന്നു. നാട്ടിൽനിന്ന് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽനിന്ന് തന്നെ രേഖകൾ പരിശോധിച്ച് യോഗ്യരായവരെ മാത്രമാണ് ബഹ്റൈനിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നത്. പല ദിവസങ്ങളിലും നിരവധി പേർക്ക് യാത്ര ചെയ്യാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വരുന്നുണ്ട്.
നിയന്ത്രണം നടപ്പായ ആദ്യ ദിവസം 30ഒാളം യാത്രക്കാർക്ക് തിരിച്ചുപോകേണ്ടി വന്നതായി ഗൾഫ് എയർ പ്രതിനിധി പറഞ്ഞു. തിങ്കളാഴ്ച കോഴിക്കോട്ടുനിന്ന് വന്ന ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാരായ ഏഴോളം പേർക്ക് മടങ്ങിപ്പോകേണ്ടി വന്നു. ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിലും ഇങ്ങനെ യാത്ര മുടങ്ങുന്ന അവസ്ഥയുണ്ട്.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബഹ്റൈൻ പൗരന്മാർക്കും ബഹ്റൈനിൽ റെസിഡൻസ് പെർമിറ്റ് ഉള്ളവർക്കും മാത്രമാണ് മേയ് 23 മുതൽ പ്രവേശനം അനുവദിച്ചത്. ഇൗ രാജ്യങ്ങളിൽനിന്ന് വരുന്നവർ പ്രധാനമായും മൂന്ന് നിബന്ധനകളാണ് പാലിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റ്, ബഹ്റൈനിൽ എത്തിയാൽ എയർപോർട്ടിലും തുടർന്ന് പത്താം ദിവസവും പി.സി.ആർ ടെസ്റ്റ്, 10 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ എന്നിവയാണ് യാത്രക്കാർക്കുള്ള നിബന്ധനകൾ.
ഇൗ നിബന്ധനകൾ പാലിക്കുന്നതിലെ ജാഗ്രതക്കുറവാണ് യാത്രക്കാർ മടങ്ങാനിടയാക്കുന്നത്.48 മണിക്കൂർ സമയപരിധി കഴിഞ്ഞ നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റുമായി തിങ്കളാഴ്ച രാത്രിയുള്ള ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ ആൾക്ക് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് തിരിച്ചുപോകേണ്ടിവന്നു. വിമാനത്തിെൻറ സമയം കണക്കാക്കി കോവിഡ് പരിശോധന നടത്തുന്നതിലെ വീഴ്ചയാണ് ഇതിന് കാരണം. തിങ്കളാഴ്ച മടങ്ങിപ്പോകേണ്ടി വന്നയാൾ ശനിയാഴ്ച രാവിലെ 9.30നാണ് പരിശോധനക്ക് സാമ്പ്ൾ കൊടുത്തത്. തിങ്കളാഴ്ച രാത്രി ആയപ്പോൾ 48 മണിക്കൂർ സമയപരിധി പിന്നിട്ടിരുന്നു.
ബഹ്റൈനിൽ 10 ദിവസത്തെ ക്വാറൻറീനിൽ താമസിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കാത്തതാണ് യാത്ര മുടങ്ങാനുള്ള മറ്റൊരു കാരണം. സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിെൻറ പേരിലോ (മാതാപിതാക്കൾ, മക്കൾ, ഭാര്യ, ഭർത്താവ്) ഉള്ള താമസ സ്ഥലത്തിെൻറ സാധുതയുള്ള ലീസ് എഗ്രിമെൻറ് അല്ലെങ്കിൽ ഇലക്ട്രിസിറ്റി ബിൽ എന്നിവയാണ് രേഖയായി അംഗീകരിക്കുന്നത്. ചിലരുടെ ലീസ് എഗ്രിമെൻറ് പുതുക്കിയിട്ടുണ്ടാകില്ല. ഇവർ സ്വന്തം പേരിലുള്ള ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ ഹാജരാക്കണം. ഇലക്ട്രിസിറ്റ് ബിൽ ഫ്ലാറ്റുടമയാണ് അടക്കുന്നതെങ്കിൽ യാത്രക്കാരെൻറ സ്വന്തം പേരിലായിരിക്കില്ല ബിൽ. ഇത്തരം ബില്ലുകളും അംഗീകരിക്കില്ല. കുടുംബാംഗത്തിെൻറ പേരിലുള്ള രേഖയാണ് ഹാജരാക്കുന്നതെങ്കിൽ പാസ്പോർട്ടിൽ ബന്ധുത്വം തെളിയിക്കാൻ കഴിയണം. ഭർത്താവിെൻറ പേരിലുള്ള താമസ സ്ഥലത്തിെൻറ രേഖ ഹാജരാക്കുന്നവർക്ക് പാസ്പോർട്ടിൽ ഭർത്താവിെൻറ പേരില്ലെങ്കിൽ വരാൻ കഴിയില്ല. ഇങ്ങനെയുള്ളവർ ഹോട്ടൽ ബുക്കിങ് നടത്തേണ്ടിവരും.
സ്വന്തം പേരിൽ താമസരേഖയില്ലെങ്കിൽ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരമുള്ള ഹോട്ടലിൽ മുൻകൂർ പണമടച്ച് റിസർവേഷൻ നടത്തിയതിെൻറ രേഖ കാണിക്കണം. കൃത്യമായ രേഖ ഹാജരാക്കിയില്ലെങ്കിൽ നാട്ടിൽനിന്ന് തന്നെ യാത്രക്കാരനെ തിരിച്ചയക്കും. വ്യാജ റിസർവേഷൻ ബിൽ ഹാജരാക്കി നാട്ടിൽനിന്ന് ബഹ്റൈനിൽ എത്തി കുടുങ്ങിയവരുമുണ്ട്. പുതിയ റിസർവേഷൻ നടത്തിയ ശേഷമാണ് ഇവർക്ക് പുറത്തിറങ്ങാനായത്.
മടങ്ങിപ്പോകേണ്ടി വരുന്ന യാത്രക്കാർക്ക് എയർലൈൻസുകൾ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിനൽകുന്നുണ്ട്. ഇതിന് പെനാൽറ്റി നൽകണം. മാത്രമല്ല, വീണ്ടും കോവിഡ് പി.സി.ആർ ടെസ്റ്റ് നടത്തുകയും വേണം.
നിയമം പാലിക്കുന്ന കാര്യത്തിൽ യാത്രക്കാർ ജാഗ്രത പുലർത്തിയാൽ ഇത്തരം പ്രയാസങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. തിരിച്ചുപോകേണ്ടി വരുന്നവരിൽ ചെറിയൊരു ശതമാനം പുതിയ നിബന്ധനകളെക്കുറിച്ച് അറിയാത്തവരാണ്. മറ്റുള്ളവർ വിവരങ്ങൾ കൃത്യമായി അറിഞ്ഞിട്ടും അലംഭാവം കാണിക്കുന്നവരാണ്. യാത്രക്കാർ അൽപം ശ്രദ്ധിച്ചാൽ വിമാനത്താവളത്തിൽ എത്തിയശേഷം തിരിച്ചുപോകേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.