മനാമ: അധ്യാപകരെ ആദരിക്കുകയും അവരോട് ബഹുമാനം പുലർത്തുകയും ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. അധ്യാപകരുടെ പദവി അംഗീകരിക്കുകയും അത് സംരക്ഷിക്കുകയും ചെയ്യണം. അധ്യാപകരെയും വിദ്യാഭ്യാസ പ്രവർത്തകരെയും വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം നടപടികൾ ഔദ്യോഗികവും നിയമപരവുമായ മാർഗങ്ങളിലൂടെ കൈകാര്യം ചെയ്യും. അധ്യാപകർക്കും വിദ്യാഭ്യാസ ജീവനക്കാർക്കുമെതിരെ നിയമപരമായ മാർഗങ്ങളിലൂടെ പരാതി നൽകാവുന്നതാണ്.
എന്നാൽ, വ്യക്തികളെ ലക്ഷ്യമിട്ട് അപവാദപ്രചാരണം നടത്തുന്നത് അംഗീകരിക്കില്ല.
നിരവധി അധ്യാപകരുടെയും സ്കൂളുകളുടെയും സൽപേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങളും ആരോപണങ്ങളും ഉണ്ടായിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഈ ആരോപണങ്ങൾ അസത്യമാണെന്ന് തെളിഞ്ഞു. പരാതികൾ സ്വീകരിക്കുന്നതിന് മന്ത്രാലയത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. പരാതികൾ ലഭിച്ചാൽ അവ സംബന്ധിച്ച് അന്വേഷണം ഉണ്ടാകും.
ലഭിക്കുന്ന പരാതികൾ ഉടനടി അന്വേഷിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും സംവിധാനമുണ്ട്. അധ്യയന വർഷത്തിൽ മന്ത്രാലയം നിശ്ചയിച്ച പദ്ധതികൾ നടപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകിയ എല്ലാ അധ്യാപകർക്കും വിദ്യാഭ്യാസ ജീവനക്കാർക്കും മന്ത്രാലയം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.