മനാമ: തുർക്കിയ, സിറിയ എന്നീ രാജ്യങ്ങളിലുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ആദ്യ ഘട്ട സഹായം കൈമാറി. ദുരിതമനുഭവിക്കുന്നവർക്കുള്ള അവശ്യ വസ്തുക്കളാണ് ഇതിലുള്ളത്. യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ഭൂകമ്പ ദുരിതാശ്വാസ ദേശീയ സമിതി അധ്യക്ഷനുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിലാണ് സഹായം കൈമാറിയത്. ദുരന്തം നടന്നയുടൻ തന്നെ ആവശ്യമായ സഹായമെത്തിക്കുന്നതിന് നിർദേശം നൽകിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ലോകത്ത് ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഐക്യപ്പെടുകയും സാധ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നതിൽ ബഹ്റൈൻ മുൻപന്തിയിലാണ്. ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ചത് മുതൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ വിവിധ തരം സഹായവുമായി രംഗത്തു വന്നത് ബഹ്റൈൻ ജനതയുടെ മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിലാണ് സഹായ പദ്ധതികൾ ഏകോപിപ്പിക്കുന്നത്. തുർക്കിയ, സിറിയ ജനതകളോടൊപ്പം നിലകൊള്ളുമെന്നും പ്രതിസന്ധി തരണം ചെയ്യുന്നതു വരെ സഹായവുമായി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി പ്രഖ്യാപിച്ചത് മുതൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ കർമനിരതമായിരുന്നുവെന്ന് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് പറഞ്ഞു. ബഹ്റൈിലെ തുർക്കിയ അംബാസഡർ ഐസൻ കാകീൽ ബഹ്റൈന്റെ സഹായത്തിന് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.