മനാമ: മത്സ്യബന്ധനത്തിനുപോയ രണ്ടു കന്യാകുമാരി സ്വദേശികളെക്കുറിച്ച് 10 ദിവസമായി വിവരമില്ല. എന്തു സംഭവിച്ചു എന്നറിയാതെ ആശങ്കയിലാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും. കന്യാകുമാരി കടിയപട്ടണം സ്വദേശികളായ സഹായ സെൽസോ (37), ആന്റണി വിൻസെന്റ് ജോർജ് (35) എന്നിവരെയാണ് കടലിൽ കാണാതായിരിക്കുന്നത്.
ഈ മാസം 17ന് മുഹറഖിൽനിന്നാണ് ഇവർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. സാധാരണഗതിയിൽ മീൻപിടിത്തം കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളിൽ തിരിച്ചെത്തേണ്ടതാണ്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ഇരുവരും മടങ്ങിവരാതിരുന്നതോടെയാണ് സുഹൃത്തുകൾ ആശങ്കയിലായത്. ഇവരുടെ സ്പോൺസർ താരിഖ് അൽമജീദ് കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ച് കാത്തിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കാമെന്നാണ് കോസ്റ്റ് ഗാർഡ് ഇദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്. കുഴപ്പമൊന്നുമില്ലാതെ ഇരുവരും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ വീട്ടുകാരും ബന്ധുക്കളും ഇരുവരുടെയും തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മുഹറഖിലുള്ള സുഹൃത്തുക്കൾ പറഞ്ഞു. പത്തു വർഷത്തിലേറെയായി ഇരുവരും ബഹ്റൈനിൽ ജോലിചെയ്യുകയാണ്.
മൂന്നു മാസം മുമ്പാണ് ആന്റണി വിൻസെന്റ് ജോർജ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ഒന്നര വർഷം മുമ്പാണ് സഹായ സെൽസോ ഒടുവിൽ നാട്ടിൽപോയത്. ഇരുവരെയും കാണാതായത് സംബന്ധിച്ച് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റ് പൊഴിയുർ ഷാജിയുടെ നേതൃത്വത്തിൽ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയിലും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.