മനാമ: ഒരിടവേളക്കുശേഷം അനധികൃത റിക്രൂട്ടിങ് ഏജന്റുമാർ വ്യാപകമായതായി പരാതിയുയരുന്നു. വീട്ടുജോലിക്കായാണ് നിർധന കുടുംബങ്ങളിൽപെടുന്ന സ്ത്രീകളെ എത്തിക്കുന്നത്. വീട്ടുജോലിക്ക് വരുന്നവർ ഇ മൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്താണ് വരേണ്ടത്. എന്നാൽ, പലർക്കും ഇതുസംബന്ധിച്ച് ധാരണയില്ലാത്തതാണ് തട്ടിപ്പുകാർ മുതലാക്കുന്നത്. നാട്ടിൽ ഈ അനധികൃത ഏജന്റുമാർക്ക് ഓഫിസോ മറ്റു സംവിധാനങ്ങളോ ഉണ്ടായിരിക്കില്ല. വിസിറ്റിങ് വിസയിലാണ് ഇവരെ എത്തിക്കുന്നത്.
അതിനുശേഷം വീട്ടുജോലിക്ക് നിയോഗിക്കുകയാണ്. ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്താൽ ഗാർഹിക ജോലിക്കെത്തിക്കുന്നവരുടെ വിവരം എംബസിക്ക് ലഭ്യമാകും. വീട്ടുജോലിക്ക് സ്ത്രീകളെ നിയമിക്കുമ്പോൾ തൊഴിലുടമ 2000 ഡോളർ എംബസിയിൽ കെട്ടിവെക്കുകയും വേണം. ഇവർ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെപ്പോയാൽ മാത്രമേ ഈ തുക തൊഴിലുടമക്ക് നൽകാറുള്ളൂ. മാത്രമല്ല, അവരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങളും എംബസിക്ക് ലഭ്യമാകും. എന്നാൽ, അനധികൃത ഏജന്റുമാർ ഇതൊന്നും പാലിക്കുന്നില്ലെന്ന് മാത്രമല്ല, ശമ്പളവും കൈക്കലാക്കുകയാണ് പതിവ്. അതിന്റെ ചെറിയ ഭാഗം മാത്രമാണ് നാട്ടിലുള്ള ബന്ധുക്കൾക്ക് നൽകുന്നത്.
പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് റിക്രൂട്ടിങ് നടക്കുന്നത്. അനധികൃതമായി റസ്റ്റാറന്റ് ജോലിക്കെന്നുപറഞ്ഞും സ്ത്രീകളെ എത്തിക്കുന്നുണ്ട്. ഇവിടെയെത്തിച്ചശേഷം അസാന്മാർഗിക പ്രവൃത്തികളിലേർപ്പെടാൻ അവരെ നിർബന്ധിക്കുന്നതായ നിരവധി പരാതികളുയർന്നിരുന്നു. എൽ.എം.ആർ.എ പരിശോധനയിൽ ഇത്തരത്തിൽ സ്ത്രീകളെ അനധികൃതമായി കൊണ്ടുവന്നതായി തെളിഞ്ഞതിനെത്തുടർന്ന് കേസ് കോടതിയിൽ എത്തിയിരുന്നു. തുടർന്ന് ഇന്ത്യക്കാരായ പ്രതികൾക്ക് കോടതി തടവുശിക്ഷ വിധിച്ചത് കഴിഞ്ഞയാഴ്ചയാണ്.
ഇത്തരം പരാതികളിൽ സാമൂഹിക പ്രവർത്തകർ പൊലീസിന്റെ സഹായത്തോടെ നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. റിക്രൂട്ടിങ് ഏജന്റുമാർ അംഗീകൃതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ ഗാർഹിക ജോലിക്കടക്കം വിദേശത്തേക്ക് പുറപ്പെടാവൂ എന്ന് സർക്കാറും നോർക്കയും നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും പലരും ഇത് അവഗണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.