മനാമ: ഭരണഘടനാ മൂല്യങ്ങളെ കൂടുതൽ ആർജവത്തോടെ ഉയർത്തിപ്പിടിക്കേണ്ട ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് റസാഖ് പാലേരി. പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിനത്തിൽ ബാബ സാഹേബ് അംബേദ്കർ നഗരിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളുടെയും പ്രതീക്ഷയും പിടിവള്ളിയുമായ ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനകീയ പ്രതിരോധനിര ഉയരേണ്ടതുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത അത് സാമൂഹിക നീതിയുടെ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നു എന്നതാണ്. മനുഷ്യർക്കിടയിലെ വിവേചനങ്ങൾ അവസാനിപ്പിക്കുകയും മതപരമോ ജാതീയതയിലോ അധിഷ്ഠിതമായ സകലവിധ വൈവിധ്യങ്ങൾക്കും അപ്പുറം ഇന്ത്യക്കാരെന്ന പ്രൗഢമായ ഒരു ഐഡന്റിറ്റിയിൽ ചേർത്തുപിടിക്കാനുള്ള ആശയത്തെ മുന്നോട്ടുവെക്കുന്ന ദർശനമാണ് ഇന്ത്യൻ ഭരണഘടന. എല്ലാ വൈവിധ്യങ്ങൾക്കും അപ്പുറം ഇന്ത്യക്കാരനെന്ന അടയാളത്തെ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഭരണഘടന രാജ്യനിവാസികളെ ഉദ്ബോധിച്ചു കൊണ്ടേയിരിക്കുന്നു. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കർ ഇന്ത്യൻ ഭരണഘടന എഴുതി തയാറാക്കുന്ന ഘട്ടത്തിൽ നീതിയുടെ ആശയങ്ങളെയും സാമൂഹിക നീതിയുടെ അവകാശങ്ങളെയും സംവരണ തത്ത്വം ഉൾപ്പെടെയുള്ളതിനെയും ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർത്തത് രാജ്യത്തെ സാമൂഹിക അവസ്ഥ മനസ്സിലാക്കിതന്നെയാണ്. ഭരണഘടന രാജ്യത്തെ പൗരന് ഉറപ്പുനൽകിയിരിക്കുന്ന അവകാശങ്ങൾ ചോദ്യം ചെയ്തുകൊണ്ട് നീതിക്ക് പകരം മേധാവിത്വ വംശീയ അധികാര ഘടന അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഭരണഘടനയെക്കുറിച്ചുള്ള ചർച്ചകളും അത് പ്രസരിപ്പിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കുവാനുള്ള ചർച്ചകളെയും രാജ്യം ഏറ്റെടുക്കേണ്ടത് അനിവാര്യമായ ഒരു കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷതവഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക പുരോഗതിയിലും രാജ്യത്ത് നടക്കുന്ന നവോത്ഥാന പ്രവർത്തനങ്ങളിലും മുഖ്യ പങ്കാളികളാകുന്ന പ്രവാസികൾക്ക് രാജ്യത്തെ ഭരണഘടന എല്ലാ മനുഷ്യർക്കും വിഭാവനം ചെയ്യുന്ന വോട്ടവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇർഷാദ് കോട്ടയം നിയന്ത്രിച്ച റിപ്പബ്ലിക് സംഗമത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.