മനാമ: വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നവംബറിൽ 155 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി നാഷനൽ ബ്യൂറോ ഓഫ് റവന്യൂ (എൻ.ബി.ആർ) അറിയിച്ചു. വാറ്റ് നിയമം ശരിയായ വിധത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരിശോധനയാണ് നടന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വാറ്റ് തട്ടിപ്പ് നടക്കുന്നുണ്ടോയെന്ന കാര്യവുമാണ് മുഖ്യമായും നിരീക്ഷിച്ചത്.
ഡിജിറ്റൽ സ്റ്റാമ്പ് സിസ്റ്റം നടപ്പാക്കിയതിനുശേഷം വിവിധ സ്ഥാപനങ്ങൾ നിയമം കൃത്യമായി പാലിക്കുന്നെന്നതും ഉറപ്പാക്കാൻ പരിശോധനകളിലൂടെ സാധിക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു. വാറ്റ് നിയമം, ഡിജിറ്റൽ സ്റ്റാമ്പിങ് നിയമം എന്നിവ ലംഘിച്ച 13 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങൾ താൽക്കാലികമായി പൂട്ടിയിടാനും ഉത്തരവ് നൽകിയിട്ടുണ്ട്.
കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ വാറ്റ് നിയമം അനുസരിച്ച് അഞ്ചു വർഷത്തെ തടവും അടയ്ക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും ശിക്ഷയായി ലഭിക്കും. എക്സൈസ് നിയമപ്രകാരം വെട്ടിച്ച എക്സൈസ് നികുതിയുടെ ഇരട്ടിക്ക് തുല്യമായ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർ ശിക്ഷ അനുഭവിക്കേണ്ടത്.സിഗരറ്റ്, വാട്ടർപൈപ്പ് പുകയില മൊളാസ് എന്നിവയിൽ ഡിജിറ്റൽ സ്റ്റാമ്പ് സ്കീം നടപ്പാക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. അത് സംബന്ധിച്ച പരിശോധനകളും നടന്നു. വാറ്റ്, എക്സൈസ് നികുതി എന്നിവ ശാസ്ത്രീയമായി ചുമത്തുന്നതിനാണ് ഡിജിറ്റൽ സ്റ്റാമ്പിങ് നടപ്പാക്കാൻ തീരുമാനിച്ചത്. ഡിജിറ്റൽ സ്റ്റാമ്പ് ചെയ്യാതെ പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ (ഹുക്ക) രാജ്യത്ത് വിൽക്കാനും ഇറക്കുമതി ചെയ്യാനും അനുവദിക്കില്ലെന്ന് എൻ.ബി.ആർ അറിയിച്ചിരുന്നു. പ്രാദേശിക വിപണിയിലെ എല്ലാ ഇറക്കുമതിക്കാരും വ്യാപാരികളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ടായിരുന്നു. സാധുതയില്ലാത്ത ഡിജിറ്റൽ സ്റ്റാമ്പില്ലാതെ വാട്ടർ പൈപ്പ് പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ കൈവശംവെക്കുന്നതും വ്യാപാരം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും നിരോധിക്കുകയാണ്. ഉൽപന്നത്തിന്റെ പ്രാരംഭ നിർമാണഘട്ടം മുതലുള്ള വ്യാപാരം നിയമസാധുതയുള്ളതാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി. എക്സൈസ് വരുമാനം ഉറപ്പുവരുത്താനും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു.
വ്യാജവും നിയമവിരുദ്ധവുമായ ഉൽപന്നങ്ങളിൽനിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് എൻ.ബി.ആർ ചൂണ്ടിക്കാട്ടിയിരുന്നത്. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, ബിസിനസ് നിലവാരം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തിയായിരുന്നു പരിശോധനകൾ.
ഇക്കാര്യത്തിൽ ബോധവത്കരണം നടത്താനും എൻ.ബി.ആർ ലക്ഷ്യമിടുന്നു. എല്ലാ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും അവരുടെ വാർഷിക സപ്ലൈകൾ 37,500 ദീനാർ എന്ന പരിധിയിലധികമായാൽ വാറ്റ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.