മനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വിമാന സർവിസ് ഇനിയും ആരംഭിക്കാത്തതിനാൽ വിസ കാലാവധി കഴിയുന്നവർ കടുത്ത പ്രതിസന്ധിയിൽ. ഫാമിലി വിസയിലും തൊഴിൽ വിസയിലും മറ്റുമുള്ള ഒേട്ടറെ പേരുടെ വിസ കാലാവധി ഉടൻ അവസാനിക്കുന്നതോ ഇതിനകം തീർന്നതോ ആണ്. ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച കഴിഞ്ഞ മാർച്ചിൽ ഫാമിലി വിസ എടുത്തവരുടെ വിസ കാലാവധി സെപ്റ്റംബറിൽ അവസാനിക്കും.
ഫാമിലി വിസ എടുത്ത് ആറു മാസത്തിനുള്ളിൽ ബഹ്റൈനിൽ എത്തണമെന്നാണ് വ്യവസ്ഥ. നിരവധി പേർ ഇത്തരത്തിൽ ആശങ്കയിൽ കഴിയുന്നുണ്ട്.സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതോടെ എത്താൻ കാത്തിരിക്കുന്നവരും ഏറെയുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് നിരവധി പേർക്ക് നിർബന്ധിത അവധിയിലും മറ്റും നാട്ടിലേക്ക് പോകേണ്ടിവന്നിരുന്നു.വ്യാപാരസ്ഥാപനങ്ങൾ സജീവമാകാൻ തുടങ്ങിയതോടെ ഇവരിൽ പലരെയും സ്ഥാപനങ്ങൾ തിരിച്ചുവിളിക്കുന്നുണ്ട്. റസ്റ്റാറൻറുകളിൽ അടുത്തമാസം മുതൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുമെന്ന പ്രഖ്യാപനം വന്നിട്ടുണ്ട്.
ഇതോടെ, അവധിയിൽ പോയ ജീവനക്കാർക്ക് തിരിച്ചെത്തേണ്ടിവരും. ഘട്ടം ഘട്ടമായാണ് റസ്റ്റാറൻറുകളും കോഫി ഷോപ്പുകളും തുറക്കുന്നത്.സെപ്റ്റംബർ മൂന്നു മുതൽ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കും. സെപ്റ്റംബർ 24 മുതൽ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുവദിക്കും. ഇതോടെ, ഇവയുടെ പ്രവർത്തനം കുടുതൽ സജീവമാകും.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പുതിയ ഫാമിലി വിസ ലഭിച്ചവർക്ക് ആറു മാസത്തിനകം രാജ്യത്ത് എത്തണമെന്ന വ്യവസ്ഥയിൽ ഒരു മാസംകൂടി നീട്ടിനൽകിയാൽ ആശ്വാസമാകും. ഇക്കാര്യത്തിൽ മാനുഷിക പരിഗണന നൽകി അനുകൂലമായ സമീപനം ബന്ധപ്പെട്ടവർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ കുടുങ്ങിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.