ആദ്യ തെരഞ്ഞെടുപ്പോർമകൾ 2001ലെ നിയമസഭ തെരഞ്ഞെടുപ്പിന്റേതാണ്. എം.പി. ഗംഗാധരൻ പൊന്നാനിയിൽ മത്സരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നത്. തെരഞ്ഞെടുപ്പിന്റെ തലേദിവസത്തെ ബൂത്ത് കെട്ടലും രാവിലെ മുതൽ ബൂത്തിലിരുന്ന് വോട്ടർമാർക്ക് സ്ലിപ് എഴുതിക്കൊടുക്കലും ഒന്നിച്ചുള്ള ഭക്ഷണം കഴിക്കലുമൊക്കെ തെരഞ്ഞെടുപ്പ് ദിവസത്തെ നല്ല ഓർമകളാണ്. പിന്നീടങ്ങോട്ട് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഭാരവാഹിയായിരിക്കേ പല തെരഞ്ഞെടുപ്പുകളുടെയും ഭാഗമായി. ഏറ്റവും ആവേശവും വാശിയുള്ളതുമായി അനുഭവപ്പെട്ടത് പഞ്ചായത്ത് തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ചുവരുകൾ ബുക്ക് ചെയ്യൽ മുതൽ തുടങ്ങും.
രാത്രി എല്ലാവരും ചേർന്നുള്ള പോസ്റ്റർ ഒട്ടിക്കൽ, ഫ്ലക്സ് ബോർഡുകൾ കെട്ടൽ, പകൽ സമയങ്ങളിലെ വീടുകൾ കയറിയുള്ള സ്ക്വാഡ് വർക്കുകൾ, കുടുംബയോഗങ്ങൾ, അനൗൺസ്മെൻറ് വാഹനത്തിൽ പോകൽ എന്നിങ്ങനെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആവേശം മറ്റു തെരഞ്ഞെടുപ്പുകൾക്കൊന്നും കിട്ടാറില്ല. ഇതിൽ ഏറ്റവും രസകരം തെരഞ്ഞെടുപ്പിന്റെ തലേദിവസം വരെയുള്ള വീടുകയറിയുള്ള വോട്ടുറപ്പിക്കലാണ്.
എതിർ പാർട്ടിയിൽ പെട്ടവർ നമ്മൾ പോയ വീട്ടിൽ പോയാൽ ഞങ്ങൾ വീണ്ടും ആ വീട്ടിൽ പോയി ഒന്നു കൂടി വോട്ടുറപ്പിക്കും. വോട്ടിങ് ദിവസം രാവിലെ ആറിന് മുമ്പേ പോളിങ് സ്റ്റേഷനിലെത്തി ബാലറ്റ് പെട്ടി പരിശോധിച്ച് സീൽ ചെയ്യും. വോട്ടിങ് മെഷീനാണെങ്കിൽ എല്ലാ സ്ഥാനാർഥികളുടെ ഏജൻറുമാരും അവരുടെ ചിഹ്നത്തിൽ വോട്ട് ചെയ്ത് നമ്മുടെ സ്ഥാനാർഥിക്ക് വോട്ട് കിട്ടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. ശേഷം വോട്ടർമാരെ നമ്മുടെ വാഹനത്തിൽ കൊണ്ടുപോയി വോട്ട് ചെയ്യിപ്പിക്കലും നമ്മുടെ എല്ലാ വോട്ടുകളും പോൾ ചെയ്തുവെന്ന് ഉറപ്പാക്കലിലുമായിരിക്കും. പിന്നീട് വോട്ട് എണ്ണുന്ന ദിവസത്തേക്കുള്ള നെഞ്ചിടിപ്പോടെയുള്ള കാത്തിരിപ്പാണ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം നല്ല അനുഭവങ്ങളാണ്. സ്ഥാനാർഥിയുടെ പോസ്റ്റർ ഡിസൈൻ, പ്രിൻറിങ്, സോഷ്യൽ മീഡിയ, നിയോജക മണ്ഡലം മുഴുവൻ മെറ്റീരിയൽസ് വിതരണം, മെറ്റീരിയൽസ് ഡ്രാഫ്റ്റിങ്, പ്രചാരണ യോഗങ്ങൾ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും മണ്ഡലം മുഴുവൻ ഏകോപിപ്പിക്കാൻ കഴിഞ്ഞു. അതുപോലെ പ്രശ്നങ്ങളുള്ള പ്രദേശങ്ങളിലെ രാത്രികാല ചർച്ചകൾ, റിവ്യൂ മീറ്റിങ്ങുകൾ എല്ലാം വലിയ താൽപര്യത്തോടുകൂടിയാണ് ചെയ്തു തീർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.