മനാമ: ജീവനക്കാരുടെ ശമ്പളം അക്കൗണ്ട് വഴി നൽകുന്ന വേതന സംരക്ഷണ സംവിധാനത്തിന്റെ മൂന്നാംഘട്ടം ജനുവരി ഒന്നിന് നിലവിൽ വന്നു. ഒന്നു മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് മൂന്നാംഘട്ടത്തിൽ വരുന്നത്. നേരത്തെ നടപ്പാക്കിയ രണ്ടു ഘട്ടങ്ങളും വിജയകരമാക്കാൻ സഹായിച്ച തൊഴിലുടമകളെ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജമാൽ അബ്ദുൽ അസീസ് അൽ അലാവി അഭിനന്ദിച്ചു. ശമ്പളം വൈകുന്നത് ഒഴിവാക്കാനും തൊഴിൽ തർക്കങ്ങൾ കുറക്കാനും പൂർണ സുതാര്യതയോടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പുതിയ സംവിധാനം വഴിയൊരുക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. 500ന് മുകളിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കായി കഴിഞ്ഞ മേയ് ഒന്നിന് നടപ്പാക്കിയ ആദ്യ ഘട്ടത്തിൽ മുഴുവൻ തൊഴിലുടമകളും ശമ്പള വിതരണം അക്കൗണ്ട് വഴി പൂർത്തിയാക്കി. 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കായി നടപ്പാക്കിയ രണ്ടാംഘട്ടത്തിൽ 88 ശതമാനം തൊഴിലുടമകളും ശമ്പള വിതരണം അക്കൗണ്ട് വഴിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.