മനാമ: റമദാൻ മാസത്തിലെ നോമ്പ് തുറകളിലിരിക്കുമ്പോൾ ബാങ്ക് വിളി കേട്ടായിരിക്കും നമ്മളല്ലാം നോമ്പ് തുറക്കുന്നത്. എന്നാൽ നോമ്പ് എടുക്കുന്നവർക്ക് അത്ര തന്നെ പ്രാധാന്യവും പുണ്യവുമുള്ള കാര്യമാണ്, സുഹുർ അഥവാ സുബ്ഹിക്ക് മുമ്പായി അത്താഴം കഴിക്കൽ. ഇന്നത്തെ പോലെ, അലാറം ക്ലോക്കോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്ന പഴയ കാലങ്ങളിൽ, അത്താഴം കഴിക്കുന്നതിനു വേണ്ടി, രാത്രിയുടെ അവസാന സമയങ്ങളിൽ ആളുകളെ വിളിച്ചുണർത്തുന്നവരായിരുന്നു ‘അത്താഴം മുട്ടുകാർ’. ചെണ്ടയോ ദഫോ ഉപയോഗിച്ച്, താളത്തിൽ മുട്ടി പാട്ടും പാടി, അത്താഴത്തിന് നേരമായി എന്നറിയിച്ചു കൊണ്ട് തെരുവുകളിലും ഗ്രാമങ്ങളിലും വീട്ടുകാരെ ഉണർത്തിയിരുന്നത് ഇവരായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഈജിപത്, യെമൻ, ജോർഡൻ, സുഡാൻ, സൗദി, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ വിവിധ ഗൾഫ് രാജ്യങ്ങളിലും അത്താഴം മുട്ടുകാർ ഇപ്പോഴും നിലവിലുണ്ട്. ചെണ്ടപോലുള്ള വാദ്യോപകരണങ്ങൾ ഉപയോഗിച്ചാണ് പാരമ്പര്യമായ ഈ ആചാരം അറബികൾ നടത്തിയിരുന്നത്.
വിവിധ വർണങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞും കുട്ടികളെ കൂടെ കൂട്ടിയും പാട്ട് പാടിയും ആഘോഷമാക്കിയാണ് റമദാനിൽ അവരതിനെ വരവേറ്റത്. ഈജിപ്ത് പോലുള്ള അറബ് രാജ്യങ്ങളില്‍ നിന്നാണ് പരമ്പരാഗത അറബ് സംസ്കാരത്തിന്റെ ഭാഗമായ ഈ രീതിയുണ്ടായതെന്ന് പറയപ്പെടുന്നു.
ഇവർ ‘മെസാഹറത്’മാർ എന്ന പേരിലാണ് ഇവിടങ്ങളിൽ അറിയപ്പെടുന്നത്. കാലങ്ങൾക്ക് ശേഷം ക്ലോക്കും മൊബൈലുകളും മറ്റു സൗകര്യങ്ങളും വന്നതോടെ അവയല്ലാം പഴമയുടെ ഓർമയായി മാറി. എങ്കിലും പാരമ്പര്യ ആചാരങ്ങൾക്ക് മഹത്ത്വം കല്പിക്കുന്ന അറബികൾ ഇന്നും ഇത് തുടരുന്നുണ്ട്. റമദാൻ പിറവി മുതൽ ശവ്വാൽ മാസപ്പിറവി കാണുന്നത് വരെയാണ് ഈ സംഘം ഇറങ്ങുക. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ, റമദാനിൽ ഇപ്പോഴും സജീവമായ ഇത്തരം ‘അത്താഴം മുട്ടുകാരെ’കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.