മനാമ: ജലസംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടി ആഗോള സമ്മേളനം ബഹ്റൈനിൽ തുടങ്ങി. ആഗോള ജലം, ഊർജം, കാലാവസ്ഥ വ്യതിയാന കോൺഗ്രസ് (ജി.ഡബ്ലു.ഇ.സി.സി.സി) ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ് കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. ജലക്ഷാമവും ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും. ഓയിൽ ആൻഡ് എൻവയൺമെന്റ് മന്ത്രി ഡോ. മുഹമ്മദ് ബിൻ ദൈന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഊർജ സുരക്ഷ, ജലക്ഷാമം, കാലാവസ്ഥ വ്യതിയാനം എന്നിവ ഭാവിയിലെ വെല്ലുവിളികളാണെന്നും അതിനെ നേരിടാൻ സത്വര നടപടികളുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജലം, പരിസ്ഥിതി എന്നിവ സംരക്ഷിക്കുക, കാലാവസ്ഥ വ്യതിയാനം ഉയർത്തുന്നതോടെ വെല്ലുവിളികളെ അഭിമുഖീകരിക്കുക എന്നിവ സംബന്ധിച്ച് റിയാദിൽ നടക്കുന്ന മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക സമ്മേളനത്തിൽ അവതരിപ്പിക്കുക ലക്ഷ്യമാണ്. ജലസുരക്ഷയും ഊർജ്ജ സംരക്ഷണവും ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുമെന്ന് ലോകബാങ്ക് ഗ്രൂപ് ഗ്ലോബൽ വാട്ടർ ഗ്ലോബൽ പ്രാക്ടിസ് ഡയറക്ടർ സരോജ് ഝാ പറഞ്ഞു. ലക്ഷ്യം കൈവരിക്കണമെങ്കിൽ ഓരോ രാജ്യവും ക്രിയാത്മക നടപടികളുമായി മുന്നോട്ടുപോകണം. ഗൾഫ് മേഖലയിൽ ഡീസലൈനേഷൻ കാരണം ജല-ഊർജ വെല്ലുവിളികൾ കൂടുതലാണെന്ന് യു.എൻ പരിസ്ഥിതി പ്രോഗ്രാമിന്റെ (യു.എൻ.ഇ.പി) ഡെപ്യൂട്ടി റീജനൽ ഡയറക്ടർ അബ്ദുൾ മജീദ് ഹദ്ദാദ് പറഞ്ഞു. ബഹ്റൈനടക്കമുള്ള ഗൾഫ് പ്രദേശങ്ങളിൽ ജലലഭ്യത കുറവാണ്. ലോകത്തിലെ ഭൂഗർഭജലം ഏറ്റവും കുറവുള്ള ആറു രാജ്യങ്ങളിൽ നാലെണ്ണം ഗൾഫ് മേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള ശരാശരി 1000 ക്യുബിക് മീറ്ററാണെങ്കിൽ ഗൾഫ് മേഖലയിൽ പ്രതിശീർഷ പ്രതിശീർഷ ഭൂഗർഭജലം മൂന്നു ക്യുബിക് മീറ്റർ മാത്രമാണ്. ഡീസലൈനേഷനെ അമിതമായ ആശ്രയിക്കുന്നതിന് ഇതിടയാക്കുന്നു. ഇത് അമിതമായ ഊർജനഷ്ടത്തിനിടയാക്കുന്നു. ഊർജനഷ്ടം കുറക്കണമെങ്കിൽ ജലസുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ജലക്ഷാമം അടുത്ത 30 വർഷത്തിനുള്ളിൽ ആഗോളതലത്തിൽ ജിഡിപിയുടെ 14 ശതമാനം വരെ സാമ്പത്തിക നഷ്ടംവരുന്നതിലേക്ക് നയിച്ചേക്കാം. ജലസംരക്ഷണത്തിനുള്ള ബഹ്റൈന്റെ ശ്രമങ്ങളെ ഡെപ്യൂട്ടി റീജനൽ ഡയറക്ടർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.