മനാമ: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. സഖീർ പാലസിൽ ഇരു നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലും ചർച്ചയിലും ബഹ്റൈനും കുവൈത്തും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതിനും കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുമുള്ള ആശയങ്ങൾ പങ്കുവെച്ചു. മുൻ ഭരണാധികാരി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ സേവനങ്ങളെ സ്മരിക്കുകയും അദ്ദേഹത്തിന്റെ ഭരണകാലത്ത് ബഹ്റൈനുമായുള്ള ബന്ധം ഏറെ ശക്തമായിരുന്നുവെന്നും ഹമദ് രാജാവ് വ്യക്തമാക്കി. കുവൈത്ത് അമീറിനെ ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയുടെ പതക്കം നൽകി ഹമദ് രാജാവ് ആദരിക്കുകയും ചെയ്തു. മേയ് 16ന് ബഹ്റൈനിൽ നടക്കുന്ന 33ാമത് അറബ് ഉച്ചകോടിക്ക് കുവൈത്ത് അമീർ വിജയാശംസകൾ നേരുകയും ചെയ്തു. ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാര, നിക്ഷേപ ബന്ധം ശക്തമാക്കാൻ തീരുമാനിച്ചു. ബഹ്റൈൻ, കുവൈത്ത് കമ്പനികൾക്കും നിക്ഷേപകർക്കും ഇരുരാജ്യങ്ങളിലും പരസ്പരം വ്യാപാര, നിക്ഷേപ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള അവസരമൊരുക്കാനാണ് തീരുമാനം. സുരക്ഷാ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ശക്തിപ്പെടുത്താൻ കഴിഞ്ഞ ജൂലൈയിൽ ചേർന്ന സംയുക്ത സുരക്ഷാ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. പ്രസ്തുത സഹകരണം ഇരുരാജ്യങ്ങളുടെയും മേഖലയുടെയും ശാന്തിക്കും സമാധാനത്തിനും കാരണമാകുമെന്നും ഇരു നേതാക്കളും വിലയിരുത്തി. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിനും സ്നേഹത്തിനും ശൈഖ് മിശ്അൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ബഹ്റൈനും അതിലെ ഭരണകർത്താക്കൾക്കും ജനങ്ങൾക്കും സമാധാനവും സുരക്ഷിതത്വവും സുഭിക്ഷതയും കൂടുതൽ കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.